ഇലക്ടറല്‍ ബോണ്ട്; 30 ല്‍ 14 കമ്പനികളും അന്വേഷണ ഏജന്‍സി നടപടി നേരിട്ടവര്‍, കണക്കിലും പൊരുത്തക്കേട്, പണത്തിൽ ഏറിയ പങ്കും ബി.ജെ.പിയ്ക്ക്
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ 30 മുന്‍നിര കമ്പനികളില്‍ 14 എണ്ണവും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടി നേരിട്ട കമ്പനികള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ ഇലക്ടറല്‍ ബോണ്ടുകളുടെ ഡാറ്റ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് അപ്ലോഡ് ചെയ്തത്. 2019 ഏപ്രില്‍ 12 മുതല്‍ 2024 ജനുവരി 24 വരെയുള്ള വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
കണക്കുകളിലും ചില പൊരുത്തക്കേടുകളുണ്ട്. 2018 മാര്‍ച്ച് മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. ഈ കാലയളവില്‍ 2,500 കോടിയുടെ ബോണ്ടുകളാണ് വിറ്റത്.
1- ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്റ് ഹോട്ടല്‍ സര്‍വ്വീസസ്
2020 ഒക്ടോബര്‍ 27 മുതല്‍ 2023 ഒക്ടോബര്‍ 5 വരെ 1368 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. 2022 ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കമ്പനിയുടെയും അതിന്റെ വിവിധ ബ്രാഞ്ചുകളുടെയും സ്വത്ത് കണ്ടുകെട്ടി.
2- മെഗാ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്
ആദായനികുതി വകുപ്പ് തെലുങ്കു വ്യവസായ പ്രമുഖനായ കൃഷ്ണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള മെഗാ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഹൈദരാബാദ് ഉള്‍പ്പെടുന്ന വിവിധ നഗരങ്ങളിലെ ഓഫീസുകളില്‍ 2019 ഒക്ടോബറിലാണ് റെയ്ഡ് സംഘടിപ്പിച്ചത്. ഇതുവരെയും 966 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് വാങ്ങിയത്.
3- ഹല്‍ദിയ എനര്‍ജി ലിമിറ്റഡ്
377 കോടിയുടെ ഇലക്ടറര്‍ ബോണ്ടുകള്‍ വാങ്ങിയ ഹല്‍ദിയ എനര്‍ജി ലിമിറ്റഡില്‍ 2020 മാര്‍ച്ചിലാണ് സിബിഐ അന്വേഷണം നടത്തിയത്.
4- വേദാന്ത ലിമിറ്റഡ്
വേദാന്ത് ഗ്രൂപ്പ് കമ്പനിയായ ടല്‍വംദി സാബോ പവര്‍ ലിമിറ്റഡില്‍ കള്ളപ്പണം വെളുപ്പില്‍ കേസുമായി ബന്ധപ്പെട്ട് 2022 ഓഗസ്റ്റിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയിഡ് നടത്തിയത്. 400 കോടിയുടെ ഇലക്ടറല്‍ ബോണ്ടാണ് കമ്പനി വാങ്ങിയത്.
5-യശോദ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി
2020 ഡിസംബറിലാണ് ഹൈദരാബാദ് ആസ്ഥാനമായ യശോദ സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. 2021 ഒക്ടോബറില്‍ 162 കോടി രൂപയുടെ ബോണ്ടാണ് കമ്പനി വാങ്ങിയത്.
6-ഡിഎല്‍എഫ് കൊമേഴ്ഷ്യല്‍ ഡവലപ്പേഴ്‌സ് ലിമിറ്റഡ്
130 കോടിയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനി. രണ്ട് തവണയാണ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധനകള്‍ നടന്നത്. ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് ആരോപിച്ച് 2019 ജനുവരിയില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. വീണ്ടും, 2023 നവംബറില്‍, റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ സൂപ്പര്‍ടെക്കിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി ഗുരുഗ്രാം ഓഫീസുകളില്‍ പരിശോധന നടത്തി.
7- ജിന്തല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്
വിദേശ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട് 2022 ഏപ്രിലിലാണ് ജെഎസ്പിഎല്ലില്‍ ഇ ഡി പരിശോധന നടത്തിയത്. 123 കോടിയുടെ ഇലക്ടറല്‍ ബോണ്ടാണ് കമ്പനി വാങ്ങിയത്.
9- ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്
നികുതി വെട്ടിപ്പ് ആരോപിച്ച് 2023 നവംബറിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഡോ. കെ നാഗേന്ദര്‍ റെഡ്ഡിയുടെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡില്‍ പരിശോധന നടത്തിയത്.തെലങ്കാന വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ വസതിയില്‍ നടത്തിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇത്. ഡോ.റെഡ്ഡീസ് ലബോറട്ടറീസ് അതുവരെ 80 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് വാങ്ങിയത്.
10- ഐഎഫ്ബി അഗ്രോ ലിമിറ്റഡ്
2020 ജൂണിലാണ് കമ്പനിയുടെ നൂര്‍പൂര്‍ പ്ലാന്റില്‍ പരിശോധന സംഘടിപ്പിച്ചത്. 2023 ല്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം 40 കോടിയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയതായി കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഐഎഫ്ബി അഗ്രോ 92 കോടിയുടെ ഇലക്ടറല്‍ ബോണ്ടാണ് വാങ്ങിയത്.
11- എന്‍സിസി ലിമിറ്റഡ്
ഹൈദരാബാദ് ആസ്ഥാനമായ കമ്പനി 60 കോടിയുടെ ഇലക്ട്രല്‍ ബോണ്ടാണ് വാങ്ങിയത്. നികുതി വെട്ടിപ്പിന്റെ പേരില്‍ 2022 നവംബറിലാണ് കമ്പനിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് സംഘടിപ്പിച്ചത്.
12- ദിവി എസ് ലബോറട്ടറി ലിമിറ്റഡ്
ഹൈദരാബാദ് ആസ്ഥാനമായുള്ള ലെബോറട്ടറി 2019 ഫെബ്രുവരിയിലാണ് ഐടി നടപടി നേരിട്ടത്. അതിനുശേഷം 55 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടാണ് കമ്പനി വാങ്ങിയത്.
13- യുണൈറ്റഡ് ഫോസ്ഫറസ് ഇന്ത്യാ ലിമിറ്റഡ്
2020 ജനുവരിയിലാണ് യുപിഎല്‍ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയിഡ് സംഘടിപ്പിച്ചത്. 50 കോടിയുടെ ഇലക്ടറല്‍ ബോണ്ടാണ് കമ്പനി വാങ്ങിയത്.
14- അരബിന്ദോ ഫാര്‍മ
ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് അരബിന്ദോ ഫാര്‍മ ഡയറക്ടര്‍ ശരത് റെഡ്ഡിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2022 നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. 1.6 കോടിയുടെ ഇലക്ടറല്‍ ബോണ്ടാണ് കമ്പനി വാങ്ങിയത്.