FeaturedHome-bannerKeralaNews

കേന്ദ്രനേതൃത്വം നൽകിയ കോടികൾ മുക്കി, കുഴൽപ്പണത്തിന് പിന്നാലെ ബി.ജെ.പിയിൽ ഫണ്ട് തട്ടിപ്പ് ആരോപണവും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും കൊടകര കുഴൽപ്പണക്കേസും സൃഷ്ടിച്ച പ്രതിസന്ധിക്കിടയിൽ തിരഞ്ഞടുപ്പ് ചെലവുകൾക്കായി ലഭിച്ച ഫണ്ടിനെച്ചൊല്ലിയുള്ള ആരോപണങ്ങൾ ബി.ജെ.പി.യിൽ വിവാദമായിമാറുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കാനായി കേന്ദ്രനേതൃത്വം നൽകിയ വൻതുകയെച്ചൊല്ലിയാണ് പുതിയ ആക്ഷേപങ്ങൾ.

സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനെയും ഇക്കാര്യത്തിൽ കുറ്റപ്പെടുത്തിക്കൊണ്ടും സത്യാവസ്ഥ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനം നോക്കി മൂന്നു വിഭാഗങ്ങളായി മണ്ഡലങ്ങളെ ക്രമീകരിച്ചിരുന്നു. ഇവയിൽ വിജയസാധ്യതയുള്ള മണ്ഡലങ്ങൾക്ക് വലിയ തുകയാണ് കേന്ദ്രം അനുവദിച്ചതെന്നും എന്നാൽ, പണം ചെലവഴിക്കാതെ ചിലർ ക്രമക്കേട് കാട്ടിയെന്നുമാണ് കത്തിലെ പ്രധാന ആരോപണം.

35 എ ക്ലാസ് മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പി. കണ്ടെത്തിയത്. ഇതിൽ ചില മണ്ഡലങ്ങളിൽ ആറുകോടി രൂപവരെ നൽകിയപ്പോൾ ചിലയിടത്ത് 2.20 കോടി രൂപ മാത്രമായി പരിമിതപ്പെടുത്തി. ബി.ജെ.പി.യിലെ ഗ്രൂപ്പ് വൈരത്തിന്റെ പേരിലായിരുന്നു ഈ വിവേചനമെന്നും ഇതുസംബന്ധിച്ച കണക്കുകൾ സംസ്ഥാന നേതൃത്വം പുറത്തുവിടണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ബി കാറ്റഗറിയിൽപ്പെട്ട 25 മണ്ഡലങ്ങളിൽ ചിലയിടത്ത് ഒന്നരക്കോടി കൊടുത്തപ്പോൾ കുറേപേർക്ക് ഒരു കോടി രൂപ മാത്രമായി. ബാക്കിയുള്ള മണ്ഡലങ്ങളിൽ പത്തിടത്ത് അമ്പതു ലക്ഷംവീതവും അവശേഷിച്ച മണ്ഡലങ്ങളിൽ 25 ലക്ഷം വീതവുമാണ് നൽകിയത്.

സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും സംഘടനാ സെക്രട്ടറി എം. ഗണേഷും ചേർന്നാണ് കേരളത്തിലെ തിരഞ്ഞടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതെന്നും ഫിനാൻസ് കമ്മിറ്റിക്ക് രൂപംനൽകാതെയായിരുന്നു ഈ പ്രവർത്തനമെന്നും എതിരാളികൾ ആക്ഷേപിക്കുന്നു. ഇത്തരത്തിൽ വകമാറ്റിയ ഫണ്ട് ചില നേതാക്കൾ അന്യസംസ്ഥാനങ്ങളിൽ നിക്ഷേപിച്ചതായും കത്തിൽ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker