ജോസ് കെ.മാണി കേരള കോൺഗ്രസ് (എം) ചെയർമാൻ,ജോസിനും പാര്‍ട്ടിയ്ക്കും തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
കോട്ടയം:കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ.മാണിയെ തെരെഞ്ഞെടുത്ത നടപടിക്ക് കേന്ദ്രതെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി നയിക്കുന്ന വിഭാഗത്തിന് അനുവദിച്ചതിന്റെ തുടര്‍ച്ചയായി പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ.മാണിയെ തെരെഞ്ഞെടുത്ത നടപടിക്കും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി.
ചെയര്‍മാനെയും മറ്റ് ഭാരവാഹികളെയും തെരെഞ്ഞെടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്രതെരെഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ട് ചെയര്‍മാനായി ജോസ് കെ.മാണിയേയും, മറ്റ് ഭാരവാഹികളെയും അംഗീകരിച്ചതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നിയമസഭാതെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് വന്ന തീരുമാനം ജോസ് കെ.മാണിക്ക് വലിയ രാഷ്ട്രീയ നേട്ടമായി.
ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം)ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനംപോലും അംഗീകരിക്കാതെ വ്യാപകമായി നുണപ്രചരണങ്ങള്‍ ഉണ്ടായപ്പോഴും നിശ്ചദാര്‍ഡ്യത്തോടെ സത്യത്തിന്റെ പാതയില്‍ ഉറച്ച് നിന്ന് നടത്തിയ നിയമപോരാട്ടത്തിന്റെയും രാഷ്ട്രീയപോരാട്ടത്തിന്റെയും വിജയമാണ് ഇതെന്നും ജോസ് കെ.മാണി പറഞ്ഞു.