കാമ്പ്നൗ: സീസണില്‍ ലാലിഗയിലെ ആദ്യ എല്‍ ക്ലാസികോ മത്സരം സമനിലയില്‍ പിരിഞ്ഞു.ബാഴ്സലോണയുടെ തട്ടകത്തില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.മത്സരത്തോടെ ഗോള്‍ ശരാശരിയുടെ കണക്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ബാഴ്സനിലനിര്‍ത്തി. 2002 നുശേഷം ശേഷം ആദ്യമായാണ് ഒരു എല്‍ ക്ലാസികോ മത്സരം സമനിലയില്‍ പിരിയുന്നത് എന്നത് ഒരു പ്രത്യേകത കൂടിയാണ്.
ബാഴ്സയില്‍ മെസിയും സുവാരസും ഗ്രീസ്മാനും റാകിടിച്ചുമെല്ലാം ആദ്യ ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ ബെന്‍സേമ, ബെയ്ല്‍, ഇസ്‌കോ, ക്രൂസ്, റാമോസ് തുടങ്ങിവര്‍ റയലിന്റെ ആദ്യ ഇലവനിലും ഇറങ്ങി. പന്ത് കൈവശം വെക്കുന്നതില് ബാഴ്സലോണ മുന്നില്‍്നിന്നെങ്കിലും ആക്രമണത്തില് റയലായിരുന്നു മികച്ചുനിന്നത്.
രണ്ടാം പകുതിയില് 72ാം മിനിറ്റില്‍ ബെയ്ല്‍ ബാഴ്സ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ബെയ്ല്‍ ഓഫ്സൈഡാണെന്ന് തെളിഞ്ഞതോടെ ഗോള്‍ നിഷേധിച്ചു. റയലിന്റെ മുന്നേറ്റ നിരയെ പ്രതിരോധിക്കാന്‍ ബാഴ്സ പലപ്പോഴും പണിപ്പെട്ടു.
അതേസമയം, അര്‍ധാവസരങ്ങള്‍ മുതലാക്കുന്നതില്‍ ബാഴ്സയും പരാജയപ്പെട്ടു.കളിയില്‍ ഏഴ് മഞ്ഞകാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്.