ബാംഗ്ലൂര്‍:ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി നിര്‍ദേശിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെതന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബെംഗളുരു ഓഫീസിലേയ്ക്ക് മാറ്റുകയായിരുന്നു.
വിദേശ വിനിമയ ചട്ട(ഫെമ)ലംഘനങ്ങള്‍ അന്വേഷിക്കുന്ന ഇഡിയുടെ ബെംഗളുരു ഓഫീസ് ബൈജു രവീന്ദ്രന്‍ രാജ്യം വിടുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് എമിഗ്രേഷന്‍ വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. മൂന്നു വര്‍ഷമായി തുടര്‍ച്ചയായി ഡല്‍ഹിക്കും ദുബായ്ക്കുമിടയില്‍ ബൈജു യാത്രചെയ്യുന്നുണ്ട്.
ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശ നിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയും കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.