സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചു: ജഡ്ജിക്ക് പ്രതി സന്ദീപ് നായരുടെ കത്ത്’
കൊച്ചി:എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് എതിരെ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തയച്ചു. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകൻറെയും പേര് പറയാൻ തന്നെ നിർബന്ധിച്ചെന്ന് സന്ദീപ് നായർ കത്തിൽ പറയുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ഇഡി ശ്രമിക്കുന്നതായും കത്തിലുണ്ട്.
മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകൻറെയും പേര് പറഞ്ഞാൽ ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്തു. പേര് പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തി. സ്വർണക്കടത്തിലെ പണം നിക്ഷേപിച്ചത് സംബന്ധിച്ച് അവരെക്കുറിച്ച് അന്വേഷിച്ചില്ല, അവർ പ്രതി പട്ടികയിലും ഇല്ല. എന്നിട്ടും അവരുടെ പേര് പറയാൻ നിർബന്ധിച്ചു.
കേസ് സംബന്ധിച്ച് ഇല്ലാ കഥകൾ ഇഡി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. തൻറെ ജീവന് ഇഡി ഉദ്യോഗസ്ഥരിൽ നിന്നും ഭീഷണിയുണ്ടെന്നും കത്തിൽ സന്ദീപ് നായർ പറഞ്ഞിട്ടുണ്ട്. ജയിൽ അധികൃതർ കത്ത് മെയിൽ വഴി കോടതിക്കും, സന്ദീപിന്റെ അഭിഭാഷകനും കൈമാറി.
പ്രതിയുടെ കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇഡിയുടെ വാദം.സന്ദീപ് കസ്റ്റഡിയിൽ ഉള്ളപ്പോൾ ഇത്തരം പരാതി കോടതിയിൽ പറഞ്ഞില്ല. കസ്റ്റഡിയിൽ തുടരാൻ കോടതിയിൽ താല്പര്യം പ്രകടിപ്പിച്ച പ്രതിയാണ് സന്ദീപ് നായർ. പൊലീസുകാരും, പ്രതിയും ഇഡിയ്ക്കെതിരെ നൽകിയ മൊഴിയെക്കുറിച്ച് ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ പ്രതി സ്വപ്ന സുരേഷിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയുടെ മൊഴിയും പുറത്തുവന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് നിയമോപദേശവും ലഭിച്ചിരുന്നു പൊലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചത്.മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ.ഡി നിര്‍ബന്ധിച്ചതായി എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സിജി വിജയനാണ് മൊഴി നല്‍കിയത്.പൊലീസ് ഹൈടെക് സെല്‍ എസിപി ഇ.എസ് ബിജുമോന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി ഉദ്യോഗസ്ഥനെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലുമാണ് പോലീസ്
സ്വപ്നയെ നിര്‍ബന്ധിക്കുന്ന തരത്തിലായിരുന്നു ചോദ്യം ചെയ്യലെന്നും ശബ്ദരേഖയില്‍ ആരോടാണ് സ്വപ്ന സംസാരിച്ചതെന്ന് അറിയില്ലെന്നും സിജി പറഞ്ഞു. രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥനാണ് സ്വപ്നയെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ ശ്രമിച്ചത്.മുഖ്യമന്ത്രിയുടെ പേരു പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. ഈ ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച പോലീസ് സംഘത്തിനാണു സിജി മൊഴി നല്‍കിയത്. സിജിയുടെ ഫോണ്‍ ഉപയോഗിച്ചാണു സ്വപ്ന സംസാരിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.
സ്വപ്നയോടു ചോദിച്ച ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വം പറയിപ്പിക്കുന്ന തരത്തിലുള്ളതാണെന്നു സിജിയുടെ മൊഴിയില്‍ പറയുന്നത് . ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തുമെന്ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ പറയുന്നതും കേട്ടു.
ചോദ്യംചെയ്യലിനിടെ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കും. താനുള്ള സന്ദര്‍ഭങ്ങളില്‍ സ്വപ്നയെക്കൊണ്ട് മൊഴി എഴുതിവാങ്ങിയിരുന്നത് രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥനായിരുന്നെന്നും സിജി പറയുന്നു.
മുഖ്യമന്ത്രിയുടെയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും മൂന്നു മന്ത്രിമാരുടെയും പ്രേരണയെത്തുടര്‍ന്നാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്കു ഡോളര്‍ കടത്തിയതെന്നു സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് കസ്റ്റംസ് വാദം പൊളിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നത്.
അതേസമയം ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ, സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പോലീസുകാരിയുടെ മൊബൈല്‍ ഫോണില്‍നിന്നു പുറത്തുള്ള പോലീസ് ഉദ്യോഗസ്ഥനെ താന്‍ വിളിച്ചിരുന്നെന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയും പുറത്ത് വന്നു .പോലീസുകാരി പറഞ്ഞ കാര്യങ്ങള്‍ താന്‍ ഫോണിലൂടെ ആവര്‍ത്തിക്കുകയായിരുന്നു. തന്നെ രക്ഷപ്പെടുത്തുമെന്ന ഉറപ്പിലാണു പോലീസുകാരിയുടെ ഫോണില്‍ സംസാരിക്കാന്‍ തയാറായതെന്നു കസ്റ്റംസ് കേസില്‍ മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയിലും ഇ.ഡിക്കു കഴിഞ്ഞ ഡിസംബറില്‍ എഴുതിക്കൊടുത്ത മൊഴിയിലും സ്വപ്ന ആവര്‍ത്തിക്കുന്നുണ്ട്.
ഹൈക്കോടതിയില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ നല്‍കിയ വിശദീകരണത്തിലെ വിവരങ്ങള്‍ പുറത്തുവന്നതിലുള്ള ജാള്യം മറയ്ക്കാനാണു പോലീസുകാരിയുടെ മൊഴി പുറത്തുവിട്ടതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.തങ്ങള്‍ക്കു നല്‍കിയ മൊഴികളിലല്ല, മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയിലാണു സ്വപ്ന മുഖ്യമന്ത്രിയെപ്പറ്റി പറഞ്ഞത്. ആര്‍ക്കുവേണ്ടിയാണു പോലീസുകാര്‍ സ്വപ്നയെ ഫോണ്‍ വിളിപ്പിച്ചതെന്നു കണ്ടെത്തേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സ്വപ്നയുടെ ശബ്ദരേഖയില്‍ പുരുഷശബ്ദം കേള്‍ക്കാം. പോലീസുകാരിയാണ് ഉദ്യോഗസ്ഥനെ വിളിച്ചുകൊടുത്തതെന്നാണു സ്വപ്നയുടെ മൊഴി. കുറ്റക്കാരായവര്‍ക്കെതിരേ ക്രിമിനല്‍ ഗൂഡാലോചനയ്ക്കു കേസെടുക്കാനും കഴിയും.ഇതേപ്പറ്റി അന്വേഷണം നടത്തുമെന്ന് ഇ.ഡി. അറിയിച്ചു. രാഷ്ട്രീയം കലര്‍ത്തി അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ല. സ്വപ്ന റിമാന്‍ഡിലായിരിക്കെ പറയാതിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ അവരുടേതായി പുറത്തുവരുന്നതെന്ന വാദത്തില്‍ കഴമ്പില്ല.
രക്ഷപെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നതിനാലാണു താന്‍ നേരത്തേ പലതും മറച്ചുവച്ചതെന്നു സ്വപ്ന ഡിസംബറില്‍ ഇ.ഡിക്കു നല്‍കിയ മൊഴിയിലുണ്ട്. ജയിലിലും കസ്റ്റഡിയിലും കഴിയുമ്പോള്‍ സ്വന്തം കൈപ്പടയിലാണു സ്വപ്ന മൊഴി എഴുതിനല്‍കിയത്.
നിര്‍ബന്ധിച്ചിട്ടല്ലെന്നും സ്വമേധയാ മൊഴി നല്‍കുകയാണെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ പേരുപറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചെന്ന പോലീസുകാരിയുടെ മൊഴി രാഷ്ട്രീയപ്രേരിതമാണെന്നും പോലീസിനെ ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്തുന്നതു ശരിയല്ലെന്നും ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു.
സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ്, പി.എസ്. സരിത്, കെ.ടി. റമീസ്, യുഎഇയില്‍ നിന്നെത്തിച്ച റബിന്‍സ് ഹമീദ് എന്നിവരടക്കം 20 പ്രതികള്‍ക്കെതിരെയാണു കുറ്റപത്രം. നാലാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയിരുന്നു. കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രതി ചേര്‍ത്ത എം. ശിവശങ്കറെ എന്‍ഐഎ പ്രതിയാക്കിയിട്ടില്ല. റബിന്‍സിന്റെ കൂട്ടാളി ഫൈസല്‍ ഫരീദിനെ അറസ്റ്റ് ചെയ്ത് യുഎഇയില്‍നിന്നു നാട്ടിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രാരംഭ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
സ്വര്‍ണക്കടത്തിനായി 2019 ജൂണ്‍ മുതല്‍ ഗൂഢാലോചന നടന്നതായും നവംബര്‍ മുതല്‍ 2020 ജൂണ്‍ വരെ 167 കിലോഗ്രാം സ്വര്‍ണം കടത്തിയതായും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. പിടിക്കപ്പെടാതിരുന്നതോടെ മറ്റു 3 രാജ്യങ്ങളില്‍നിന്നു കൂടി സ്വര്‍ണക്കടത്തിനു ശ്രമം തുടങ്ങി. ഇതിനിടെയാണു കഴിഞ്ഞ ജൂണ്‍ 30നു തിരുവനന്തപുരത്ത് സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്‌സല്‍ കസ്റ്റംസ് പിടികൂടിയത്.