ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എഎപി നേതാവ് സഞ്ജയ് സിങിനെ ഇ.ഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് ഇ.ഡി. നടപടി. രാജ്യസഭാ എംപിയായ സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ പുലര്‍ച്ചെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയില്‍ സിബിഐ അറസ്റ്റ് ചെയ്തതിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു എഎപിയുടെ പ്രധാന നേതാവ് അറസ്റ്റിലാകുന്നത്.
അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്ന് എഎപി പ്രതികരിച്ചു. സഞ്ജയ് സിങ്ങിന്റെ വസതിക്കുമുന്നിൽ എഎപി പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്.
2012-22ലെ ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തതും സിബിഐ അന്വേഷണം തുടങ്ങിയതും. തുടര്‍ന്ന് മദ്യനയം സര്‍ക്കാരിനു പിന്‍വലിക്കേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
നയരൂപീകരണത്തില്‍ മദ്യക്കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങള്‍ക്ക് 12 ശതമാനം ലാഭം ലഭിക്കുന്ന അവസ്ഥ ഉണ്ടായെന്നും സിബിഐ കണ്ടെത്തി. ‘സൗത്ത് ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന മദ്യലോബി ഇതിനായി വന്‍തുക കൈക്കൂലി നല്‍കിയെന്നും സിബിഐ ആരോപിക്കുന്നു. 12 ശതമാനം ലാഭത്തില്‍നിന്ന് ആറ് ശതമാനം ഇടനിലക്കാര്‍ വഴി പൊതുപ്രവര്‍ത്തകര്‍ക്കു ലഭിച്ചുവെന്നും സിബിഐ അവകാശപ്പെടുന്നു. കൈക്കൂലിയായി ലഭിച്ച പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് ഇഡി അന്വേഷിക്കുന്നത്.
സര്‍ക്കാര്‍ ഖജനാവിനു വന്‍ നഷ്ടം വരുത്തിയ മദ്യനയം, മദ്യമുതലാളിമാര്‍ക്കു കോടികളുടെ ലാഭം സമ്മാനിച്ചെന്നാണു ബിജെപിയുടെ ആരോപണം. മദ്യനയത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും നഗരത്തിലുടനീളം പുതിയ മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിച്ചതിലൂടെ ഡല്‍ഹിയെ ലഹരിയുടെ തലസ്ഥാനമാക്കി മാറ്റിയെന്നും ബിജെപി ആരോപിച്ചു. അതേസമയം, കേസ് രാഷ്ട്രീയ പ്രതികാരമാണെന്ന് എഎപി പ്രതികരിച്ചു.
ഇതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. നഗരത്തിലെ വിവിധയിടങ്ങളിലും എഎപി ആസ്ഥാനത്തിനു പുറത്തും രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചു.