കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി.കെ.ഇബ്രാംഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ആരോഗ്യാവസ്ഥകൂടി ചൂണ്ടിക്കാണിച്ചാണ് ജാമ്യം തേടിയിരിക്കുന്നത്.
എന്നാൽ അഴിമതിക്കേസിൽ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം നൽകരുതെന്ന് വിജിലൻസ് ആവശ്യപ്പെടും. തുടർ ചോദ്യം ചെയ്യലുകൾക്കായി നാലുദിവസത്തെ കസ്റ്റഡി വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നീക്കത്തെ എതിർക്കാനാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അഭിഭാഷകരുടെ നീക്കം. റിമാൻഡിലായ വി കെ ഇബ്രാഹിംകുഞ്ഞ് മരടിലെ ലേക് ഷോർ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി നേരിട്ട് ആശുപത്രിയിൽ എത്തിയാണ് വികെ ഇബ്രാഹിംകുഞ്ഞിനെ റിമാൻഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചത്. അദ്ദേഹത്തെ ഉടനെ ഡിസ്ചാർജ് ചെയ്യാനാവില്ലെന്ന് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചതിനാൽ കുറച്ചു ദിവസം കൂടി വികെ ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ തുടരാനാണ് സാധ്യത.