തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്തും പരിസര പ്രദേശങ്ങളിലും ഭൂചലനം ഉണ്ടാകുന്നതായുള്ള അഭ്യൂഹങ്ങള്‍ ജനങ്ങളെ ഭീതിയിലാക്കുന്നു. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച ഭൂകമ്പമാപിനി നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടരവര്‍ഷം കഴിഞ്ഞു. ലക്ഷങ്ങള്‍ വിലമതികുന്ന യന്ത്രസാമഗ്രികള്‍ പലതും തുരുമ്പെടുത്ത് നശിക്കുകയാണ്.
സമീപകാലത്തു ഹൈറേഞ്ചു മേഖലയില്‍ ഉണ്ടായ ചെറിയ ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം നെടുങ്കണ്ടവും പരിസര പ്രദേശങ്ങളുമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വഴി പലപ്പോഴും ഭൂചലനമുണ്ടായതായുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതാണ് ഇപ്പോള്‍ ജനങ്ങളുടെ ഭീതിക്ക് കാരണം. ആധികാരിക വിവരം ലഭ്യമാക്കേണ്ട ഭൂകമ്പമാപിനിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടര വര്‍ഷമായി.
1988ല്‍ ഉണ്ടായ ഭൂകമ്പത്തിനെ തുടര്‍ന്നാണ് മുല്ലപെരിയാര്‍, ഇടുക്കി ഡാമുകളുടെ സമീപം ഭൂകമ്പമാപിനി സ്ഥാപിക്കുവാന്‍ കെഎസ്ഇബി തീരുമാനം എടുക്കുന്നത്. ഇതിന്റെ ഭാഗമായി 1993ല്‍ ചോറ്റുപാറയില്‍ ബോര്‍ഡിന്റെ അഞ്ച് സെന്റ് ഭൂമിയില്‍ ഭൂകമ്പമാപിനി സ്ഥാപിച്ചു. ഇതിനുപുറമെ 2013 ല്‍ ജില്ലയില്‍ ആറ് സ്ഥലങ്ങളില്‍ ഡിജിറ്റല്‍ സിസ്മോഗ്രാഫ് സംവിധാനം ഏര്‍പെടുത്തി.
എന്നാല്‍ ഈ ഉപകരണങ്ങള്‍ക്ക് 2018 വരെയുള്ള കാലവധിയാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള കമ്പനി പറഞ്ഞിരുന്നത്. കാലവധി കഴിഞ്ഞിട്ടും ഉപകരണങ്ങള്‍ യഥാസമയം മാറ്റിവയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂചലന സാധ്യതയുള്ള മേഖലയായതിനാല്‍ കൃത്യമായ വിവരങ്ങളും അറിയിപ്പുകളും നല്‍കുവാന്‍ കഴിയുന്ന തരത്തില്‍ നിലയം ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഭൂചലനം ഉണ്ടാകുമ്പോള്‍ മാപിനിയില്‍ നിന്ന് ലഭിക്കുന്ന ഡിജിറ്റല്‍ സിഗ്നലുകളുടെ അടിസ്ഥാനത്തില്‍ കെഎസ്ഇബിയ്ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയ്ക്കും വിശകലനം നടത്തുവാന്‍ കഴിയുമായിരുന്നു. 2019 ഡിസംബറില്‍ ഇംഗണ്ടില്‍ നിന്നുള്ള കമ്പനി പ്രതിനിധികള്‍ ജില്ലയില്‍ എത്തി ഭൂകമ്പമാപിനി പരിശോധിച്ചു. നാല് സിസ്മോഗ്രാഫുകളുടെ കാലവധി തീര്‍ന്ന ഭാഗങ്ങള്‍ മാത്രം മാറ്റുവാനും മീന്‍കട്ട്, പമ്പ എന്നിവിടങ്ങളിലെ സിസ്മോഗ്രാഫുകള്‍ പൂര്‍ണമായും മാറ്റി സ്ഥാപിക്കുവാനുമുള്ള തീരുമാനമായെന്നാണ് അധികൃതര്‍ പറയുന്നത്.