പെരുമഴയ്‌ക്കൊപ്പം പാലക്കാട് ഭൂചലനം; ജനങ്ങള്‍ പരിഭ്രാന്തിയില്‍
പാലക്കാട്: കനത്ത മഴ തുടരുന്നതിനിടെ പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. റോസ് ഗാര്‍ഡന്‍, രാമനാഥപുരം, ശേഖരിപുരം റോഡുകളില്‍ വെള്ളം കയറുന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകള്‍ ഇന്ന് രാവിലെ 7മണി മുതല്‍ 50 സെമീ നിന്ന് ഘട്ടം ഘട്ടമായി ഉയര്‍ത്തി 100സെമീ വരെ ആക്കി. മംഗലം ഡാമിന്റെ 3 ഷട്ടറുകള്‍ ഇന്ന് രാവിലെ 7 മണിക്കു ശേഷം 50 സെമീ നിന്ന് ഘട്ടം ഘട്ടമായി ഉയര്‍ത്തി 100 സെമീ വരെ ഉയര്‍ത്തി തുടങ്ങി. ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 182 കുടുംബങ്ങളിലായി 1216 ആളുകള്‍ താമസിക്കുന്നു. പട്ടാമ്പി പാലത്തിന് അപ്പുറത്തുള്ള സ്നേഹനിലയം ആശുപത്രിയില്‍ വെള്ളം കയറി. രോഗികളെയും ജീവനക്കാരയും മാറ്റുന്നു.
കോഴിക്കോട്, കോട്ടയം, പാല, മൂവാറ്റുപുഴ, മുക്കം ടൗണുകള്‍ വെള്ളത്തിലായി. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. 11 ജില്ലകളില്‍ ജലകമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി. സൈന്യവും ദുരന്തപ്രതികരണസേനയും രംഗത്തിറങ്ങി. 14 ജില്ലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചാലക്കുടിയില്‍ വെള്ളപ്പൊക്കസാധ്യത. ജാഗ്രതാനിര്‍ദേശം നല്‍കി. മൂന്നര മണിക്കൂറിനുള്ളില്‍ വെള്ളമുയരും.