FeaturedNationalNews

ഇ-റുപ്പി: പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം പുറത്തിറക്കി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം ‘ഇ-റുപ്പി’ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ അവതരിപ്പിച്ചു. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം. വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്. ക്യൂ.ആർ കോഡ്, എസ്എംഎസ് വഴി ലഭിക്കുന്ന ഇ-വൗച്ചർ എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കറൻസി രഹിത, കടലാസ് രഹിത സംവിധാനമാണിത്. ഗുണഭോക്താക്കളുടെ മൊബൈൾ ഫോണിൽ ലഭിക്കുന്ന ഇ വൗച്ചർ ഉപയോഗിച്ച് അവർക്ക് വിവിധ സേവനങ്ങൾ നേടാം.

തുടക്കത്തിൽ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക. ”ഉദാഹരണത്തിന് സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് 100 പേർക്ക് കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ഇ-റുപ്പി ഉപയോഗിക്കാം. അവർക്ക് ഇ-റുപ്പി വൗച്ചർ 100 പേർക്ക് നൽകാം. അവർ ചെലവഴിക്കുന്ന തുക കോവിഡ് വാക്സിനേഷന് മാത്രമായി ഉപയോഗിക്കപ്പെടും” – പ്രധാനമന്ത്രി പറഞ്ഞു.

വൈകാതെ കൂടുതൽ സേവനങ്ങൾ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തും. ചികിത്സാ സഹായം, സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്താനാകും. മാതൃശിശു സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ട് മരുന്നുകളും പോഷകാഹാരവും വിതരണം ചെയ്യാൻ ഈ സംവിധാനം ഉപയോഗിക്കുമെന്ന് കേന്ദ്ര സർക്കാർ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുന്ന ക്ഷയഗോര നിവാരണം, മരുന്ന് വിതരണം തുടങ്ങിയവയ്ക്കും വളം സബ്സിഡി വിതരണം അടക്കമുള്ളവയ്ക്കും ഇത് ഉപയോഗിക്കാൻ കഴിയും. സ്വകാര്യ മേഖലയ്ക്കും അവരുടെ ജീവനക്കാരുടെ ക്ഷേമത്തിനായും സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാനും ഡിജിറ്റൽ വൗച്ചറുകൾ ഉപയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ഇ-റുപ്പി ഡിജിറ്റൽ ഇന്ത്യയ്ക്ക് പുതിയ മുഖം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.

ആധുനിക സാങ്കേതികവിദ്യ രാജ്യത്ത് സത്യസന്ധത എങ്ങനെ ഉറപ്പാക്കുന്നു എന്നകാര്യം ലോകം വീക്ഷിക്കുകയാണ്. ലോക്ഡൗൺ കാലത്ത് അതിന്റെ പ്രാധാന്യം നാം നേരിട്ട് അറിഞ്ഞതാണ്. പാവപ്പെട്ടവരെ സഹായിക്കുന്നത് എങ്ങനെ എന്ന് ആലോചിച്ച് വലിയ രാജ്യങ്ങൾ പോലും ബുദ്ധിമുട്ടിയപ്പോൾ ഇന്ത്യയിൽ അതിനുള്ള സംവിധാനങ്ങൾ എല്ലാം ഉണ്ടായിരുന്നു. ബാങ്കുകളും പോസ്റ്റ് ഓഫീസുകളും തുറക്കണമെന്ന് പല രാജ്യങ്ങളിലും ആവശ്യം ഉയർന്നപ്പോഴും ഇന്ത്യയിൽ സാമ്പത്തിക സഹായം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുകയാണ് ചെയ്തത്. 90 കോടി ഇന്ത്യക്കാർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നു. റേഷൻ, പാചകവാതകം, ആരോഗ്യ പരിചരണ സംവിധാനങ്ങൾ, പെൻഷൻ, വിദ്യാഭ്യാസ സഹായം എന്നിവയെല്ലാം ബാങ്ക് അക്കൗണ്ടിലേക്ക് എത്തി. കർഷകർക്കും സഹായം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിലവിൽ 11 പൊതു – സ്വകാര്യ മേഖലാ ബാങ്കുകൾ ഇ-റുപ്പിയെ പിൻതുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ഇ-റുപ്പി കൂപ്പണുകൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാനറാ ബാങ്ക്, ഇൻഡസ് ലാൻഡ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, കോടക് മഹീന്ദ്ര ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ തത്കാലം ഈ-റുപ്പി കൂപ്പണുകൾ വിതരണം ചെയ്യുക മാത്രമാവും ചെയ്യുക. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും ഇ-റുപ്പിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ബാങ്കുകളെ സമീപിക്കാം. ഗുണഭോക്താക്കളെ മൊബൈൽ നമ്പർ ഉപയോഗിച്ചാവും തിരിച്ചറിയുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker