32.3 C
Kottayam
Thursday, May 2, 2024

ഞാൻ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ? എന്തിനാണ് ശകുനം മുടക്കുന്നത്: ഇ.പി.ജയരാജൻ

Must read

തിരുവനന്തപുരം∙ ഏക വ്യക്തിനിയമ വിഷയത്തിൽ സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിൽ താൻ പങ്കെടുത്തില്ലെന്നു വാർത്ത നൽകുന്നവർ സെമിനാറിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സെമിനാറിൽ താൻ പങ്കെടുക്കണമെന്ന് തീരുമാനിച്ചത് വാർത്ത എഴുതുന്നവരാണ്.

എന്നിട്ട് പങ്കെടുക്കുന്നില്ലെന്നും അവർ തന്നെ പറഞ്ഞു. ഇന്നലെ വരെ താൻ ആയുർവേദ ചികിത്സയിലായിരുന്നുവെന്നും ജയരാജൻ വ്യക്തമാക്കി. ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ്, സെമിനാറിലെ തന്റെ അസാന്നിധ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ചത്.

‘സെമിനാറിൽ ഞാൻ പങ്കെടുക്കണമെന്ന് തീരുമാനിച്ചത് വാർത്ത എഴുതുന്നവരാണ്. എന്നിട്ട് ഞാൻ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞു. എത്രയോ ദിവസം മുമ്പ് ആ പരിപാടിയുടെ അജണ്ട സംഘാടകർ പ്രഖ്യാപിച്ചതാണ്. ഞാൻ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ? എന്തിനാണ് ശകുനം മുടക്കുന്നത്? സെമിനാറിനെ കളങ്കപ്പെടുത്താനാണിത്. ഒരു മാസം മുൻപ് തീരുമാനിച്ച പരിപാടിയാണിത്. ആയുർവേദ ചികിത്സയിലായിരുന്നു ഇന്നലെ വരെ’– ജയരാജൻ പറഞ്ഞു.

കോഴിക്കോട്ടെ സെമിനാർ ഇന്ത്യൻ രാഷ്ട്രീയത്തെ ബാധിക്കുന്ന വിഷയമാണെന്ന് ഇ.പി.ജയരാജൻ ചൂണ്ടിക്കാട്ടി. മധ്യപ്രദേശിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വർഗീയ വികാരം ഇളക്കി വിടാനാണ് ഏക വ്യക്തിനിയമ വിഷയം പ്രധാനമന്ത്രി എടുത്തിട്ടത്. ഏക വ്യക്തിനിയമം ഇല്ലാത്തതുകൊണ്ട് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് ഇ.പി.ജയരാജൻ ചോദിച്ചു.

ഏക വ്യക്തിനിയമം ഇന്ത്യയിലെ മുഖ്യ പ്രശ്നമല്ല. ഏക വ്യക്തിനിയമത്തിന്റെ പേരിൽ ഇഎംഎസിനെ അപമാനിക്കാനാണ് ശ്രമം. സെമിനാറിനെ കളങ്കപ്പെടുത്താൻ മാധ്യമപ്രവർത്തകർ ശ്രമിക്കരുതായിരുന്നു. ഗുരുതരമായ തെറ്റാണതെന്ന് ഇ.പി ചൂണ്ടിക്കാട്ടി.

ലക്ഷക്കണക്കിനുള്ള ഡിവൈഎഫ്ഐ പ്രവർത്തകരിൽ ഒരാൾ തെറ്റ് ചെയ്താൽ അത് ഡിവൈഎഫ്ഐയുടെ തെറ്റായി കാണാൻ കഴിയുമോയെന്നും ഇപി ചോദിച്ചു. തെറ്റു ചെയ്യുന്നവരെ ഡിവൈഎഫ്ഐ സംരക്ഷിക്കില്ല. തെറ്റ് ചെയ്തവരെ പുറത്താക്കും. ഒരു യുവതി കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി. അവർ പഠിക്കുന്ന കാലത്ത് എസ്എഫ്ഐയിൽ ഉണ്ടായിരുന്നു. അതിന് എസ്എഫ്ഐക്കാർ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നു എന്നു പ്രചരിപ്പിച്ചതായും ഇ.പി.ജയരാജൻ പറ‍ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week