KeralaNews

ഗവേഷണ പ്രബന്ധത്തിലെ ഡാറ്റ കോപ്പിയടിച്ചത്; പി.കെ ബിജുവിന്റെ ഭാര്യയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍ എം.പിയുമായ പി.കെ ബിജുവിന്റെ ഭാര്യയ്ക്കു കേരള സര്‍വകലാശാലയില്‍ ലഭിച്ച അസി. പ്രൊഫസര്‍ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയ്ന്‍ സമിതിയാണ് പരാതി സമര്‍പ്പിച്ചത്. യുജിസിക്കും പരാതി കൈമാറിയിട്ടുണ്ട്.

നിയമനം ലഭിക്കാന്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങളിലെ ഡാറ്റ കോപ്പിയടിച്ചതാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇത്തരത്തിലൊരു പരാതി കേരള സര്‍വകലാശാലയില്‍ ആദ്യമാണ്. കേരള സര്‍വകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണു പി.കെ ബിജുവിന്റെ ഭാര്യയ്ക്ക് അസി. പ്രൊഫസറായി നിയമനം നല്‍കിയത്.

2020ല്‍ അപേക്ഷിച്ച 140 പേരില്‍ നിന്നാണ് ഓപ്പണ്‍ തസ്തികയില്‍ ഒന്നാം റാങ്ക് ലഭിച്ചത്. ഉന്നത യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ ഒഴിവാക്കിയാണു നിയമനം നല്‍കിയതെന്ന് അന്നു തന്നെ പരാതി ഉയര്‍ന്നിരുന്നു. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്കു ലഭിച്ച മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നല്‍കിയത്.

രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട പബ്പീര്‍ വെബ്‌സൈറ്റ് വഴിയാണ് ഡാറ്റയിലെ സാദൃശ്യവും സാമ്യവും കണ്ടെത്തിയത്. ഡാറ്റ തട്ടിപ്പ് പരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്ന് ഗവര്‍ണറോടും യുജിസി അധ്യക്ഷനോടും വൈസ്ചാന്‍സലറോടും സേവ് യൂണിവേഴ്‌സിറ്റി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രബന്ധങ്ങള്‍ കോപ്പിയടിച്ചതാണെന്ന ആക്ഷേപം പലര്‍ക്കെതിരെയും മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഡാറ്റയെ സംബന്ധിച്ചുള്ള പരാതി രാജ്യത്തു തന്നെ അപൂര്‍വമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2013ല്‍ സംവരണ തസ്തികയിലേക്കു നടന്ന നിയമനത്തിന് 18 അപേക്ഷകര്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ പികെ ബിജുവിന്റെ ഭാര്യക്കു നിയമനം ലഭിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button