പാലക്കാട്: പാലക്കാട് തോലന്നൂരില്‍ തമിഴ്‌നാട്ടില്‍നിന്ന് എത്തിച്ച 60 താറാവ് കുഞ്ഞുങ്ങള്‍ ചത്തു. മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തു പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിലെ കാരമൂലയില്‍ വ്യാപകമായി വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വവ്വാലുകളുടെ സാമ്പിള്‍ ശേഖരിച്ചു. ചത്ത വവ്വാലുകളെ തീയിട്ട് നശിപ്പിച്ചു.
സമീപത്തു നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും സ്ഥിതി ചെയ്യുന്നതിനാല്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണു വവ്വാലുകളെ സംസ്‌കരിച്ചത്. സമീപ പഞ്ചായത്തായ കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്.
കൊടിയത്തൂരില്‍ പക്ഷിപ്പനി പകര്‍ന്നത് ദേശാടനപ്പക്ഷികളിലൂടെ ആണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും. കൊടിയത്തൂരിലെ ഫാമില്‍ കോഴികളെ നശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. 2000 കോഴികളാണ് ഇവിടെ രോഗബാധയാല്‍ ചത്തത്. വ്യാഴാഴ്ച മുതലാണ് സെറീനയുടെ ഫാമില്‍ നിന്ന് കോഴികള്‍ ചത്ത് തുടങ്ങിയത്. ഭോപ്പാലിലെ പരിശോധനയ്ക്കുശേഷം പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.