ദുബായ്: റാഷിദിയ മെട്രോസ്റ്റേഷനില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അത് സംഭവിച്ചത്. റോഡിലെ ഹൈറ്റ് ബാരിയറിലേക്ക് ബസ് ഇടിച്ചു കയറുകയായിരിന്നു. തുടര്‍ന്ന് ബസിനുള്ളില്‍ കൂട്ടനിലവിളി ഉയര്‍ന്നു. എങ്ങും രക്തം ഒഴുകുന്നു. ബസിന്റെ ഇടതുവശത്ത് ഇരുന്നവര്‍ സംഭവസ്ഥലത്തുതന്നെ മരിക്കുന്നത് മുന്നില്‍ കണ്ടു. ദുബായില്‍ ഇന്നലെ നടന്ന ബസപകടത്തില്‍ അദ്ഭുതകരമായി രക്ഷപെട്ട മലയാളി യുവാവ് സംഭവത്തെ കുറിച്ച് പറയുന്നു. നിധിന്‍ ലാല്‍ജി എന്ന ഇരുപത്തിയൊന്‍പതുകാരനാണ് 17 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബസിന്റെ വലതുവശത്ത് മധ്യഭാഗത്തായാണ് നിധിന്‍ ഇരുന്നത്. നിധിന്റെ മുഖത്ത് നിസാരമായ ഒരു പരിക്ക് മാത്രമാണ് പറ്റിയത്. എന്നാല്‍ നിധിന്റെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം നഷ്ടപ്പെട്ടു. ഒമാനില്‍ ഈദ് അവധി ആഘോഷിച്ച ശേഷം ദുബായിലേക്ക് തിരിച്ചുവരികയായിരുന്നു നിധിന്‍.
അപകടത്തില്‍ എട്ട് മലയാളികള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം യുഎഇ സമയം 5.40ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷനു സമീപമായിരുന്നു അപകടം. മരിച്ചവരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. രണ്ടു പാക് സ്വദേശികളും അയര്‍ലന്‍ഡ്, ഒമാന്‍ സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒമാനിലെ മസ്‌കറ്റില്‍നിന്നു ദുബായിലേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.