KeralaNews

‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ഡെങ്കിപ്പനി പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. കേരളത്തില്‍ രോഗവ്യാപനം കൂടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക വഴി രോഗാതുരത കുറച്ചു കൊണ്ടുവരുകയും, മരണം പൂര്‍ണമായി ഇല്ലാതാകുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ഡെങ്കിപ്പനി?

ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലികൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്.

ഡെങ്കിപ്പനി പകരുന്നതെങ്ങനെ?

കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗമുണ്ടാക്കുന്നത്. രോഗവാഹകരായ കൊതുക് കടിച്ച ഏകദേശം 3 മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍?

രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരിലും സാധാരണ വൈറല്‍ പനി പോലെയുള്ള ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക. ആകസ്മികമായി ഉണ്ടാവുന്ന കടുത്ത പനി, തലവേദന, കണ്ണിനുപുറകില്‍ വേദന, പേശികളിലും, സന്ധികളിലും വേദന, അഞ്ചാംപനിപോലെ നെഞ്ചിലും മുഖത്തും തടിപ്പുകള്‍, എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍.

സാധാരണ ലക്ഷണങ്ങള്‍ക്ക് പുറമെ കഠിനമായ തുടര്‍ച്ചയായ വയറുവേദന, മൂക്ക്, വായ, മോണ, എന്നിവയില്‍ കൂടിയുള്ള രക്ത സ്രാവം, രക്തത്തോടുകൂടിയോ അല്ലാതെയോയുള്ള ഛര്‍ദി, അസ്വസ്ഥതയും ഉറക്കമില്ലായ്മയും, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയല്‍ എന്നിവ ഗുരുതരമായ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.

ഡെങ്കിപ്പനിയുടെ ചികിത്സ?

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചതിനാല്‍ മിക്കവാറും പനികളെല്ലാം കോവിഡ് ആണെന്നാണ് പ്രാഥമികമായി സംശയിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ പെയ്യുന്ന ശക്തമായ മഴയും ഇനി വരുന്ന കാലവര്‍ഷവും കണക്കിലെടുത്ത് ഡെങ്കിപ്പനി പ്രതിരോധത്തിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. പനിയും മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങളും കണ്ടാല്‍ രോഗി സമ്പൂര്‍ണ വിശ്രമം എടുക്കേണ്ടതാണ്. വീടുകളില്‍ ലഭ്യമായ പാനീയങ്ങള്‍, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ധാരാളമായി കുടിക്കണം. ഇതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണ്.

കൊതുക് നശീകരണം ഏറെ പ്രധാനം

കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ കെട്ടിനില്‍ക്കുന്ന തീരെ ചെറിയ അളവിലുളള വെള്ളത്തില്‍പ്പോലും മുട്ടയിട്ട് വളരാനിടയുണ്ട്. അതിനാല്‍ വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍കൂരകളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ലോക്ക് ഡൗണ്‍ കാലയളവില്‍ ദീര്‍ഘനാള്‍ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളില്‍ കൊതുകുകള്‍ ധാരാളമായി മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കെട്ടിടത്തിനുള്ളിലും ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും കൊതുക് നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തുകയും വേണം.

ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുളള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കുത്താടികളെ നശിപ്പിക്കേണ്ടതാണ്.

ബ്രേക്ക് ദ ചെയിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടേയും കടകളുടെയും മുന്നില്‍ കൈകള്‍ കഴുകുന്നതിനായി സംഭരിച്ചിരിക്കുന്ന വെള്ളം ദിവസവും മാറ്റി ബക്കറ്റ്, സംഭരണി കഴുകി വൃത്തിയാക്കേണ്ടതാണ്.

മാര്‍ക്കറ്റുകളില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികള്‍, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍, റബ്ബര്‍ മരങ്ങളില്‍ വച്ചിട്ടുളള ചിരട്ടകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക.

വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക. ജല ദൗര്‍ലഭ്യമുളള പ്രദേശങ്ങളില്‍ ജലം സംഭരിച്ചു സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചു സൂക്ഷിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker