വയനാട്: പെണ്‍കുട്ടികള്‍ ഓടുന്ന ബസിന്റെ ഗിയര്‍ മാറ്റി കളിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പെണ്‍കുട്ടികള്‍ ഒടുന്ന ബസിന്റെ ഗിയര്‍ മാറ്റി കളിക്കുന്ന വീഡിയോ വൈറലായതോടെയാണ് വയനാട് കല്‍പ്പറ്റ സ്വദേശിയായ എം. ഷാജിയെന്ന ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. അശ്രദ്ധമായും അജാഗ്രമായും മനുഷ്യജീവനു അപായമുണ്ടാക്കത്തക്ക വിധം ബസോടിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആര്‍ടിഒ അറിയിച്ചു.
ഗോവയിലേക്ക് ഗവണ്മെന്റ് കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ യാത്രയ്ക്കിടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഷാജി ബസോടിക്കുമ്പോള്‍ കാബിനില്‍ കയറിയ പെണ്‍കുട്ടികള്‍ ഗിയര്‍ മാറ്റിക്കളിക്കുകയായിരിന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ബസും ഡ്രൈവറെയും കണ്ടെത്തി അധികൃതര്‍ നടപടി എടുക്കുകയായിരുന്നു.
വീഡിയോയുടെ അടിസ്ഥാനത്തില്‍ ഷാജിക്ക് മോട്ടര്‍വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ മറുപടിയില്‍ ഷാജി കുറ്റസമ്മതം നടത്തി. 2020 മേയ് അഞ്ച് വരെ ഷാജി വാഹനം ഓടിക്കാന്‍ പാടില്ല. ഉത്തരവിന്മേല് ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം അപ്പലേറ്റ് അഥോറിറ്റിയെ സമീപിക്കാമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.