KeralaNewsRECENT POSTS

കാറിടിച്ച് പരിക്കേറ്റ കുഞ്ഞിനേയും അമ്മയേയും വഴിയില്‍ ഇറക്കിവിട്ട ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: കാറിടിച്ചു സാരമായി പരിക്കേറ്റ രണ്ടുവയസുകാരനെയും അമ്മയെയും ആശുപത്രിയിലാക്കാതെ വഴിലിറക്കി വിട്ട സംഭവത്തില്‍ കാറുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര സദാനന്ദപുരത്ത് കിഴക്കേവിള വീട്ടില്‍ സജി മാത്യുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ 28 ന് വൈകിട്ടു ശ്രീകാര്യത്തായിരുന്നു അപകടം. ചെമ്പഴന്തി അണിയൂര്‍ ഭദ്രാനഗറില്‍ അരവിന്ദ് സുധാകരന്റ ഭാര്യ രേഷ്മ(27), മകന്‍ ആരുഷ്(രണ്ട്) എന്നിവര്‍ക്കാണു പരിക്കേറ്റത്.

കേരള പോലീസില്‍ നിന്നും അവധി എടുത്ത് പ്രവാസ ജീവിതം നയിക്കുന്നയാളാണ് സജി മാത്യുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസില്‍ ജോലി ലഭിച്ചശേഷം അഞ്ച് വര്‍ഷം അവധിയില്‍ പ്രവേശിച്ച് വിദേശത്ത് പോകുകയും അവധി അവസാനിച്ചപ്പോള്‍ വീണ്ടും മൂന്ന് മാസം പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തശേഷം ഇയാള്‍ വിദേശത്തേക്ക് പോകുകയായിരുന്നു. ഇയാളുടെ ഭാര്യയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഡിസംബര്‍ 28 ന് മകനുമൊത്തു രേഷ്മ സ്‌കൂട്ടറില്‍ വരുമ്പോള്‍ സജി ഓടിച്ച കാര്‍ ഇടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ച് വീണു. ആരുഷിന് മുഖത്ത് സാരമായ പരിക്കേറ്റു. രേഷ്മയുടെ കാലിനും പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാതെ സജി പോകാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ ഇടപെട്ടു കാറില്‍ കയറ്റുകയായിരുന്നു. എന്നാല്‍ സജി വളരെ സാവധാനം വാഹനമോടിക്കുകയും വേഗത്തില്‍ വിടാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ ക്ഷുഭിതനായി വഴിയില്‍ ഇറക്കി വിട്ടെന്നുമാണ് യുവതിയുടെ പരാതി. തുടര്‍ന്ന് ഓട്ടോറിക്ഷ പിടിച്ചാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

മുഖത്ത് സാരമായി പരിക്കേറ്റ കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവന്നു. മുംബൈയില്‍ ഗോദ്റെജില്‍ ഉദ്യോഗസ്ഥനായ അരവിന്ദ് നാട്ടിലെത്തി കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് വാഹന ഉടമയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്, ഇടിച്ച കാറിന്റെ നമ്പറും പരുക്കേറ്റ കുഞ്ഞിന്റെ കരളലിയിക്കുന്ന ചിത്രങ്ങളും സഹിതം അരവിന്ദ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. കാര്‍ കസ്റ്റഡിയില്‍ എടുക്കാനും, ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും മനുഷ്യാവകാശ കമ്മീഷന്‍ പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ കാറുടമയ്ക്കെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും അറിയിച്ചു. കേസില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button