CrimeFeaturedHome-bannerKeralaNews

Drisyam murder:ദൃശ്യം മോഡൽ കൊലപാതകം?ചങ്ങനാശ്ശേരിയിൽ യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡൽ കൊലപാതകമെന്ന് സംശയം. ചങ്ങനാശ്ശേരിയിലെ ഒരു വീടിൻ്റെ തറ തുരന്ന് യുവാവിൻ്റെ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സംശയിക്കുന്നത്. ഇതേ തുടർന്ന് ചങ്ങനാശ്ശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിൻ്റെ തറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിലേക്ക് എത്തി നിൽക്കുന്നത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ (40 വയസ്സ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ മാൻ മിസ്സിംഗിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

അന്വേഷണത്തിനൊടുവിൽ ബിന്ദു കുമാറിൻ്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. ബൈക്ക് അപകടത്തിൽപ്പെട്ടതാണോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചു മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാർ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.

വിശദമായ അന്വേഷണത്തിനൊടുവിൽ സഹോദരി ഭർത്താവ് തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ലഭിച്ച വിവരം സ്ഥിരീകരിക്കാനായി പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലെത്തി.

ചങ്ങനാശ്ശേരി തഹസിൽദാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വീടിൻ്റെ തറ തുരന്ന് പരിശോധിക്കും. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലേക്ക് ഡിവൈഎസ്പിയുടേയും തഹസിൽദാരുടേയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button