ആമസോണ്‍ പ്രൈമൊന്നും നമുക്ക് അറിയില്ല’; ദൃശ്യം 2 കാണാന്‍ പറ്റാതെ ദൃക്‌സാക്ഷി ‘ജോസ്’
കൊച്ചി:റിലീസായ ഒറ്റ ദിവസം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച ദൃശ്യം 2 . ചിത്രത്തിൽ പ്രധാന വേഷം ചെയ്ത മിമിക്രി താരവും നടനുമായ അജിത്ത് കൂത്താട്ടുകുളം ഇതുവരെ സിനിമ കാണാന്‍ പറ്റാത്തതിന്റെ കാരണവും സങ്കടവും പങ്കുവെക്കുകയാണ് . തനിക്ക് ആമസോണ്‍ പ്രൈമിനെ കുറിച്ചൊന്നും അറിയില്ല. സൂഹൃത്തുക്കളും എങ്ങിനെയാണ് സിനിമ കാണേണ്ടതെന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്നും അജിത്ത് ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.
ദൃശ്യം 2വിന്റെ ഷൂട്ടിങ് തുടങ്ങിയത് തന്റെ ഷോട്ടിലൂടെയാണ്. അതിന് ശേഷം പാക്ക് അപ്പായപ്പോഴും അവസാന ഷോട്ട് തന്റെ ആയിരുന്നു എന്ന് അജിത്ത് പറഞ്ഞു. മിമിക്രി താരമായ തന്നെ ജീത്തു ജോസഫ് സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും അജിത്ത് കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ജീത്തു ജോസഫാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ദൃശ്യം 2ല് എനിക്കൊരു വേഷമുണ്ട്, അദ്ദേഹത്തെ ഒന്ന് തിരിച്ച് വിളിക്കാന്‍ പറഞ്ഞു. പൂജ കഴിഞ്ഞ് ക്യാമറ ആദ്യം വെക്കുന്നത് എന്റെ മുഖത്തു നിന്നാണ്. അതുപോലെ തന്നെ പാക്ക് അപ്പ് ആയപ്പോഴും അവസാന ഷോട്ട് എന്റെ ആയിരുന്നു. അന്ന് സര്‍ എന്നോട് പറഞ്ഞു, ഈ സിനിമ എങ്ങാനും പൊളിഞ്ഞു പോയാല്‍ നിന്നെ കൂത്താട്ടുകുളത്ത് വന്ന് തല്ലുമെന്ന്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് കൊച്ചിയിലെത്തി കൊവിഡ് ടെസ്റ്റ് ചെയ്തു. പിന്നെ ഞങ്ങളെ പുറത്ത് വിട്ടിട്ടില്ല. ആമസോണ്‍ പ്രൈം എന്നൊക്കെ പറഞ്ഞിട്ടുള്ള കേസൊന്നും നമുക്ക് അറിയത്തില്ല. എന്റെ കുറേ സുഹൃത്തുക്കളും വിളിച്ചിരുന്നു എങ്ങിനെയാണ് സിനിമ കാണുക എന്ന് ചോദിച്ച്.’അജിത്ത് കൂത്താട്ടുകുളം പറയുന്നു.
ജോസ് എന്നാണ് ദൃശ്യം 2വില്‍ അജിത്തിന്റെ കഥാപാത്രത്തിന്റെ പേര്. ജോര്‍ജ്കുട്ടി വരുണിന്റെ മൃദശരീരം പൊലീസ് സ്റ്റേഷനില്‍ കുഴിച്ചിട്ട് ഇറങ്ങി വരുന്നത് കണ്ട ഏക ദൃക്‌സാക്ഷി. എന്നാല്‍ അന്നേ ദിവസം തന്റെ അളിയനെ കൊന്ന കുറ്റത്തിന് ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോസ് ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയതിനെ തുടര്‍ന്നാണ് വരുണ്‍ കേസില്‍ വഴിത്തിരിവുണ്ടാവുന്നത്. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ് ദൃശ്യം 2വിലെ ജോസ്.
വ്യാഴാഴ്ച രാത്രിയോട് കൂടെയായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളുമുണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.