ജീന്‍സും ടി-ഷര്‍ട്ടും വള്ളിച്ചെരുപ്പുമിട്ട് ഓഫീസില്‍ വരണ്ട; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര
മുംബൈ: സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ടീഷര്‍ട്ട്, ജീന്‍സ്, വള്ളി ചെരുപ്പ് എന്നിവ ധരിച്ച് ഇനി മുതല്‍ ഓഫീസില്‍ എത്താനാവില്ല. ആഴ്ചയില്‍ ഒരിക്കല്‍ ഖാദി വസ്ത്രം ധരിക്കണമെന്നും നിര്‍ദേശമുണ്ട്. ജീവനക്കാരുടെ വസ്ത്രധാരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇത് പറയുന്നത്.
പല ജോലിക്കാരും, പ്രത്യേകിച്ചും കരാര്‍ ജീവനക്കാരും സര്‍ക്കാര്‍ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ഉപദേശകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുചിതമെന്ന് കരുതുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നു. ഇത് സര്‍ക്കാര്‍ ജീവനക്കാരെക്കുറിച്ച് ജനങ്ങളുടെ മനസ്സില്‍ ഒരു നിഷേധാത്മക മതിപ്പ് സൃഷ്ടിക്കുന്നുണ്ടെന്നും ഉത്തരവില്‍ പറയുന്നത്.
സാരി, സല്‍വാര്‍, ചുരിദാര്‍, കുര്‍ത്ത എന്നിവയാണ് സ്ത്രീകള്‍ ധരിക്കേണ്ടത്. ആവശ്യമെങ്കില്‍ ദുപ്പട്ടയും ധരിക്കണമെന്നും ഉത്തരവിലുണ്ട്. പാന്റും ഷര്‍ട്ടുമായിരിക്കണം പുരുഷന്മാരുടെ വേഷം. കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളും വിചിത്രമായ എംബ്രോയിഡറി പാറ്റേണുകളോ ചിത്രങ്ങളോ ഉള്ള വേഷങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഓഫീസുകളില്‍ ജീന്‍സും ടി-ഷര്‍ട്ടും ധരിക്കരുതെന്ന് ജീവനക്കാരോട് ആവശ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം ജീവനക്കാര്‍ ഇടുന്ന ചെരുപ്പിലും ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്. ജീവനക്കാര്‍ക്ക് ചെരുപ്പോ ഷൂസോ ധരിക്കാം. എന്നാല്‍ ഒരു കാരണവശാലും വള്ളിച്ചെരുപ്പ് ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.