ന്യൂഡല്‍ഹി: രാജ്യം കാത്തിരിക്കുന്ന ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് വിതരണത്തിന് ഒരുങ്ങുന്നു. ഈ മാസം 11 മുതല്‍ മരുന്ന് അടിയന്തിര ഉപയോഗത്തിനായി വിതരണം ചെയ്യുമെന്ന് ഡിആര്‍ഡിഒ മേധാവിയായ ജി. സതീശ് റെഡ്ഡി അറിയിച്ചു. 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന് വെള്ളത്തില്‍ അലിയിച്ചാണ് കഴിക്കേണ്ടത്.
ഡിആര്‍ഡിഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേര്‍ന്ന് വികസിപ്പിച്ച മരുന്നിന് കഴിഞ്ഞ ദിവസമാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. കോവിഡ് വൈറസിനെ ചെറുക്കുന്നതില്‍ മരുന്ന് ഫലപ്രദമാണെന്നും ലഭ്യതയ്ക്ക് അനുസരിച്ച് ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡിആര്‍ഡിഒ മേധാവി അറിയിച്ചു.
സാധാരണ ചികിത്സാ രീതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2ഡിജി ഉപയോഗിച്ച് ചികിത്സ നടത്തിയവര്‍ ശരാശരി 2.5 ദിവസം മുതല്‍ 3 ദിവസം മുന്‍പ് വരെ രോഗമുക്തി നേടുന്നതായി പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്ലൂക്കോസിന്റെ ജനറിക് തന്മാത്രയും അനലോഗും ആയതിനാല്‍ ഇത് എളുപ്പത്തില്‍ ഉത്പ്പാദിപ്പിച്ച് രാജ്യത്ത് വലിയ അളവില്‍ ലഭ്യമാക്കാനാകുമെന്നാണ് വിലയിരുത്തല്‍.