ദക്ഷിണ കൊറിയയിൽ നാടകീയ രംഗങ്ങൾ; ഇംപീച്ച് ചെയ്യപ്പെട്ട യൂൻ സുക് യോളിനെ അറസ്‌റ്റ് ചെയ്യാൻ നീക്കം, പ്രതിഷേധം
സിയോൾ: ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ആക്കം കൂട്ടി നാടകീയ സംഭവങ്ങൾ. ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോളിനെ അറസ്‌റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹ്രസ്വകാല സൈനിക നിയമം ചുമത്തിയതിന്റെ പേരിലാണ് മുൻ പ്രസിഡന്റിനെ അറസ്‌റ്റ് ചെയ്യാനുള്ള വാറന്റുമായി ഉദ്യോഗസ്ഥർ എത്തിയത്.
പ്രസിഡന്റിന്റെ വസതിയിൽ എത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നതോടെ യോളിനെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടി വന്നു. മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ച് മടങ്ങിയത്.
ആഴ്‌ചകളുടെ ഇടവേളയിൽ മൂന്ന് പ്രസിഡന്റുമാർ മാറിമാറി വന്നെങ്കിലും കൊറിയയിലെ സാഹചര്യം കൂടുതൽ വഷളാവുകയാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങൾ. അറസ്‌റ്റ് ചെയ്യാനായി എത്തിയ ഉദ്യോഗസ്ഥരെ വസതിക്ക് പുറത്ത് വച്ചാണ് പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്.
ഇതിന് പുറമേ യോളിനെ അനുകൂലിക്കുന്ന നൂറ് കണക്കിന് പേർ മുദ്രാവാക്യം വിളികളുമായി മേഖലയിൽ പ്രതിഷേധം ആരംഭിക്കുകയും ചെയ്‌തിരുന്നു. ദക്ഷിണ കൊറിയയുടെയും യുഎസിന്റേയും പതാകകൾ ഉയർത്തിയാണ് യോൾ അനുകൂലികൾ ഇവിടെ തടിച്ചുകൂടിയത്. കടുത്ത തണുപ്പിനെ പോലും അവഗണിക്കാതെയായിരുന്നു യോൾ അനുകൂലികൾ ഇവിടെ തമ്പടിച്ചത്.
അതേസമയം, പ്രസിഡന്റിന്റെ വസതിയിലുള്ള യോൾ തന്റെ നിലപാടിൽ ഉറച്ചു നിക്കുകയാണ്. കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു പുതുവത്സര സന്ദേശത്തിൽ ഞാൻ അവസാനം വരെ പോരാടും എന്നായിരുന്നു യോൾ പറഞ്ഞത്. കൂടാതെ അറസ്‌റ്റ് വാറന്റ് അസാധുവാണെന്നതിൽ ഉറച്ചുനിന്ന അദ്ദേഹത്തിന്റെ നിയമസംഘം, പ്രസിഡന്റിനെ തടങ്കലിൽ വയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിയമപരമായ അധികാരമില്ലെന്നും വാദിച്ചു.
അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും പൗരന്മാരിൽ നിന്ന് ഉൾപ്പെടെ കടുത്ത എതിർപ്പ് നേരിടേണ്ടി വരാൻ ഇടയാക്കുമെന്ന് യോളിന്റെ പിന്തുണക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കൊറിയയിൽ മാസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ഇന്ധനം പകരുന്നതാണ്. പ്രസിഡന്റിനെ അറസ്‌റ്റ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അന്വേഷണ ഉദ്യോഗസ്ഥരും ആശങ്കയിലാണ്.
ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധി അപകടകരമായ പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഏറ്റവും ഒടുവിലത്തെ ഈ സംഭവം. യോളിന്റെ ഇംപീച്ച്‌മെന്റ് നടപടികൾ നേരത്തെ തന്നെ നടന്നിരുന്നു. അദ്ദേഹത്തെ അധികാരത്തിൽ നിന്ന് ശാശ്വതമായി നീക്കം ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് ഇനി കോടതിയാണ്.