24.4 C
Kottayam
Sunday, May 19, 2024

‘സ്വയരക്ഷാർഥം ഓടിയൊളിച്ചു’: വന്ദന ദാസ് കൊലപാതകത്തിൽ പൊലീസുകാർക്കെതിരെ അന്വേഷണം

Must read

തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡിഐജി ആർ.നിശാന്തിനിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.

സംഭവത്തിൽ പൊലീസിനു ഗുരുതരവീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനിടെ പൊലീസുകാർ സ്വയരക്ഷാർഥം ഓടിയൊളിച്ചു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മേയ് 10ന് പുലർച്ചെ 4.30നാണ് പൂയപ്പളളി പൊലീസ് ചികിത്സയ്ക്കായി കൊണ്ടു വന്ന സന്ദീപ് ഹൗസ് സർജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദനയെ സർജിക്കൽ കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപ്(43) തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു ഡോ. വന്ദന ദാസിന്റെ ശരീരത്തിൽ 26 മുറിവുകൾ ഉണ്ടായിരുന്നു. നെഞ്ചിൽ സർജിക്കൽ കത്രിക ഉപയോഗിച്ചുള്ള കുത്തേറ്റ മാരകമായ മുറിവുകളെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു നേരിട്ട ക്ഷതമാണു മരണ കാരണം.

പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് അഞ്ച് പേർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. കേസിൽ കഴിഞ്ഞ മാസം കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 83–ാം ദിവസമാണു കുറ്റപത്രം സമർപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week