KeralaNews

അങ്ങ് ജപ്പാനിലെ സൈക്കോളജി പഠിച്ച ടീച്ചറെ നോക്കുമ്പോ ഇവിടുത്തെ പാവങ്ങളെ കൂടി ഒന്നോര്‍ത്തോണേ. ”കാക്കേ കാക്കേ കൂടെവിടേ?” എന്നൊക്കെ ഈണത്തില്‍, താളത്തില്‍ പാടി പഠിപ്പിച്ച് തന്നൊരു ടീച്ചര്‍ എനിക്കെന്ന പോലെ നിങ്ങള്‍ക്കും കാണൂലേ?നടന്‍ ശ്രനിവാസന് ഡോ.ഷിംനയുടെ മറുപടി

കൊച്ചി: സംസ്ഥാനത്തെ അംഗന്‍വാടി ടീച്ചര്‍മാര്‍ക്കെതിരായ നടന്‍ ശ്രീനിവാസന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണുയര്‍ന്നത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ വനിതാ കമ്മീഷന്‍ നടനെതിരെ കേസെടുക്കുകയും ചെയ്തു.

ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. അത്തരത്തിലുള്ള ഏറ്റവും ശ്രദ്ധേയമായ കുറിപ്പുകളിലൊന്നാണ് ഡോ.ഷിംന അസീസിന്റേത്. കുട്ടികളെ ‘തറ, പറ’ പഠിപ്പിക്കല്‍ മാത്രമല്ല അവരുടെ ജോലി. അവര്‍ പരിശീലനം ലഭിച്ച ജോലിക്കാരാരാണെന്നും അവര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. നമ്മള്‍ ഏറ്റവും ചെറുതാകുന്നത് നമ്മളേക്കാള്‍ ചെറുതാണ് ചുറ്റുമുള്ള ലോകം മുഴുവന്‍ എന്ന തോന്നല്‍ തലയില്‍ കയറിപ്പറ്റുമ്പോഴാണ്. പിന്നെ തലച്ചോറില്‍ വല്ലാതെ ദഹനക്കേട് വരും അവിടത്തെ ‘വയര്‍’ ഇളകും. നിങ്ങടെ കാര്യത്തില്‍ മാറ്റമുണ്ടാകുമെന്ന വല്ല്യ പ്രതീക്ഷയൊന്നുമില്ല. അങ്ങ് ജപ്പാനിലെ സൈക്കോളജി പഠിച്ച ടീച്ചറെ നോക്കുമ്പോ ഇവിടുത്തെ പാവങ്ങളെ കൂടി ഒന്നോര്‍ത്തോണേയെന്നും ഷിംന അസീസ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെ

അംഗന്‍വാടി ടീച്ചര്‍മാരുടെ ജോലിഭാരം നേരിട്ടറിയുന്നത് മീസില്‍സ് റുബല്ല വാക്സിനേഷന്‍ ക്യാമ്പെയിന്‍ കാലത്താണ്. ഓരോയിടത്തും വാക്സിന്‍ വിരോധികളുടെ ആദ്യപ്രതികരണം (ഒരു പക്ഷേ, ഏറ്റവും മോശമായ പ്രതികരണവും) ഏറ്റു വാങ്ങുന്ന, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ‘ടീച്ചറേ’ എന്ന് വിളിക്കുന്ന സ്ത്രീകള്‍ .

ഇവര്‍ വിവരവും വിദ്യാഭ്യാസവുമില്ലാത്ത സ്ത്രീകളാണെന്ന് പറഞ്ഞ ശ്രീനിവാസനോടും, അയാളുടെ മൂട് താങ്ങുന്നവരോടും കൂടി പറയട്ടെ, കുട്ടികളെ ‘തറ, പറ’ പഠിപ്പിക്കല്‍ മാത്രമല്ല അവരുടെ ജോലി. അവര്‍ പരിശീലനം ലഭിച്ച ജോലിക്കാരാണ്. കിട്ടുന്ന തുച്ഛവേദനം വെച്ച് നോക്കിയാല്‍ അതിലും എത്രയോ മടങ്ങ് ജോലി ചെയ്യുന്നവര്‍.

സമൂഹത്തില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെടുന്ന അവര്‍ സാധാരണ ചെയ്യുന്ന ജോലികള്‍ ഇവയാണ്.
1) ആരോഗ്യം, പോഷകപ്രദമായ ഭക്ഷണം, കുഞ്ഞുങ്ങളുടെ വളര്‍ച്ചയും വികാസവും എന്നിവയില്‍ അടിസ്ഥാന പരിശീലനം നേടിയ ശേഷം നമ്മുടെ ചുറ്റുപാടും ഈ വിഷയങ്ങളില്‍ ഗ്രൗണ്ട് ലെവല്‍ ഇടപെടല്‍ നടത്തുന്നത് ഇവരാണ്.
2) 3-6 വയസ്സുള്ള കുട്ടികളുടെ വളര്‍ച്ചയും വികാസവും, ഗര്‍ഭിണികളുടെ ആരോഗ്യം, മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യം, വാക്സിനേഷന്‍ ഡ്യൂട്ടികള്‍ തുടങ്ങിയ അസംഖ്യം കാര്യങ്ങള്‍.
3) പൂരകപോഷണം നല്‍കി കുഞ്ഞുങ്ങളെ മിടുക്കന്‍മാരും മിടുക്കികളുമാക്കുന്നവര്‍.
4) അനൗദ്യോഗിക പ്രീസ്‌കൂള്‍ വിദ്യാഭ്യാസം.
5) ആവശ്യമെങ്കില്‍ തന്റെ ഏരിയയിലെ ചികിത്സ അര്‍ഹിക്കുന്നവരെ അടുത്തുള്ള സബ്സെന്ററുകളിലേക്കും പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും റഫര്‍ ചെയ്യുന്നവര്‍.
6) ഗൃഹസന്ദര്‍ശനം നടത്തി ശിശുപരിപാലനത്തെക്കുറിച്ച് രക്ഷിതാക്കളില്‍ അവബോധം സൃഷ്ടിക്കല്‍.
7) ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള ഇരുമ്പ്, കാത്സ്യം ഗുളികകളുടെ വിതരണം. അവര്‍ക്കുള്ള പ്രത്യേക ഭക്ഷ്യവസ്തുക്കളുടെ വിതരണം.
8) കുടുംബാസൂത്രണത്തെക്കുറിച്ച് അറിവ് നല്‍കല്‍
9) കൗമാരക്കാര്‍ക്ക് വിവിധവിഷയങ്ങളില്‍ അവബോധം നല്‍കല്‍
10) ഇവയുടെയെല്ലാം ഡാറ്റ ശേഖരണം, സബ്മിഷന്‍, മീറ്റിങ്ങുകള്‍
11) കോവിഡ് കാലത്ത് ഇവരുടെ സേവനങ്ങളുടെ ഗുണഭോക്താക്കളെ നേരിട്ട് കാണുന്നില്ലെങ്കിലും വീഡിയോ കോള്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കി വരുന്നു.
12) ഇപ്പോഴും ഭക്ഷണമെത്തിക്കേണ്ടവര്‍ക്ക് എത്തിക്കുന്നു.
13) പ്രായമായവരുടെ കണക്കെടുപ്പ് ഉള്‍പ്പെടെ വിവിധ സര്‍വ്വേകള്‍…

ഇനിയും കണക്കില്‍ പെട്ടതും പെടാത്തതുമായി വേറെ പല ജോലികളും.

അംഗന്‍വാടിയിലെ ടീച്ചര്‍ വെറും ടീച്ചറല്ല ശ്രീനി സാറേ. അവര്‍ സമൂഹവും ആരോഗ്യമേഖലയും പൊതുസമൂഹവുമായുള്ള ബന്ധത്തിന്റെ പ്രാഥമിക കണ്ണിയാണ്. പറഞ്ഞത് ഞാനല്ല, കമ്മ്യൂണിറ്റി മെഡിസിന്റെ ബൈബിളായ പാര്‍ക്ക് ടെക്സ്റ്റ് ബുക്കില്‍ നിന്നും കടമെടുത്ത വരികളാണ്.

നമ്മള്‍ ഏറ്റവും ചെറുതാകുന്നത് നമ്മളേക്കാള്‍ ചെറുതാണ് ചുറ്റുമുള്ള ലോകം മുഴുവന്‍ എന്ന തോന്നല്‍ തലയില്‍ കയറിപ്പറ്റുമ്പോഴാണ്. പിന്നെ തലച്ചോറില്‍ വല്ലാതെ ദഹനക്കേട് വരും അവിടത്തെ ‘വയര്‍’ ഇളകും. നിങ്ങടെ കാര്യത്തില്‍ മാറ്റമുണ്ടാകുമെന്ന വല്ല്യ പ്രതീക്ഷയൊന്നുമില്ല. അങ്ങ് ജപ്പാനിലെ സൈക്കോളജി പഠിച്ച ടീച്ചറെ നോക്കുമ്പോ ഇവിടുത്തെ പാവങ്ങളെ കൂടി ഒന്നോര്‍ത്തോണേ. ”കാക്കേ കാക്കേ കൂടെവിടേ?” എന്നൊക്കെ ഈണത്തില്‍, താളത്തില്‍ പാടി പഠിപ്പിച്ച് തന്നൊരു ടീച്ചര്‍ എനിക്കെന്ന പോലെ നിങ്ങള്‍ക്കും കാണൂലേ?

വന്ന വഴി മറന്ന് പിറന്ന് വീണത് എക്സ്പ്രസ് ഹൈവേയിലാണെന്ന് ചിന്തിക്കാതെ. റാന്‍ മൂളുന്നുണ്ടെന്ന് തോന്നുന്ന ലോകര്‍ പിറകില്‍ നിന്ന് ചിറി കോട്ടി ചിരിക്കും. അതിപ്പോഴും സംഭവിക്കുന്നുണ്ട്, പ്രമുഖ സറ്റയര്‍ തിരക്കഥാകൃത്ത് അറിയാഞ്ഞിട്ടാ…

ഒരു ജപ്പാന്‍കാരന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker