InternationalNews

'അവർ ശ്രമിച്ചത് മറ്റാരെയോ അധികാരത്തിലെത്തിക്കാൻ'; ഇന്ത്യയ്ക്കുള്ള ഫണ്ട് റദ്ദാക്കിയതിൽ ട്രംപ്

മയാമി: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നൽകിവന്ന 21 മില്യൺ ഡോളറിന്റെ (160 കോടിരൂപ) ഫണ്ട് റദ്ദാക്കാനുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസി അഥവാ ഡോജ് (DOGE) നീക്കത്തെ ന്യായീകരിച്ച് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ 21 മില്യൺ അമേരിക്കൻ ഡോളർ നമ്മൾ ചെലവഴിക്കേണ്ടതുണ്ടോ? ഞാൻ കരുതുന്നത് മറ്റാരെയോ അധികാരത്തിലെത്തിക്കാൻ അവർ (ബൈഡൻ ഭരണകൂടം) ശ്രമം നടത്തിയെന്നാണ്. ഇക്കാര്യം ഇന്ത്യാ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട് – മയാമിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തികനിലയും വ്യാപാരനയങ്ങളും കണക്കിലെടുത്താല്‍ ഇത്തരത്തിലുള്ള ഒരു ഫണ്ട് ആവശ്യമില്ലെന്നിരിക്കെ പിന്നെ എന്തിനാണ് ഫണ്ട് നൽകിയതെന്ന് ചൊവ്വാഴ്ചയും ട്രംപ് ചോദിച്ചിരുന്നു. ഇന്ത്യയ്ക്ക് എന്തിന് 21 മില്യൺ ഡോളർ നൽകണം. അവർക്ക് ആവശ്യത്തിന് പണമുണ്ട്. അമേരിക്കയുടെ കാഴ്ചപ്പാടിൽ ലോകത്ത് ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അടുക്കാൻ പറ്റാത്തത്ര ഉയർന്ന നികുതിയാണ് അവർ ചുമത്തുന്നത്. ഇന്ത്യയോടും ഇന്ത്യൻ പ്രധാനമന്ത്രിയോടും ബഹുമാനമുണ്ട്. പക്ഷെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ 21 മില്യൺ ഡോളർ നൽകുന്നത് എന്തിനാണ് ?- ട്രംപ് ചോദിച്ചു.

ഫെബ്രുവരി 16നാണ് ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന ഡോജ് ഇന്ത്യയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കൻ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങൾക്ക് ചെലവഴിക്കാനുള്ളതല്ല എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിവിധ പേരിൽ നൽകിയിരുന്ന സാമ്പത്തിക സഹായം ഡോജ് നിർത്തലാക്കാൻ തീരുമാനിച്ചത്.

അതേസമയം അമേരിക്കൻ സാമ്പത്തിക സഹായത്തിന്റെ പേരിൽ ഇന്ത്യയിൽ രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. അമേരിക്കൻ സാമ്പത്തിക സഹായം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നടന്ന വിദേശ ഇടപെടലിന്റെ തെളിവാണെന്നാണ് ബിജെപി ആരോപിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായ ചില ശക്തികൾക്ക് ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും നൽകിയെന്നാണ് ബിജെപി ആരോപിച്ചത്. ഇതിനെല്ലാം പിന്നിൽ ജോർജ് സോറോസ് ആണെന്നും ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ ആരോപിച്ചിരുന്നു.

അതേസമയം അമേരിക്കൻ സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിലോ തിരഞ്ഞെടുപ്പ് പ്രക്രിയയിലോ ഏതെങ്കിലും തരത്തിലുള്ള വിദേശ ഇടപെടൽ അനാവശ്യമാണ്. അക്കാര്യം കോൺഗ്രസ് പാർട്ടിക്ക് വ്യക്തമാണ്, ഞങ്ങൾ അതിനെ എതിർക്കുന്നു. ഇത് അപലപനീയമാണെന്നും കോൺഗ്രസ് പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker