ആഭ്യന്തര വിമാനയാത്രയ്ക്ക് ചെലവേറും; വർധന ജൂൺ മുതൽ
ന്യൂഡൽഹി:ജൂൺ ഒന്നുമുതൽ ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് കൂടും. 13 ശതമാനംമുതൽ 15 ശതമാനംവരെയായിരിക്കും വർധന. കോവിഡ്കാരണം എയർലൈൻസുകളിൽ അനുവദനീയമായ പരമാവധി സീറ്റുകളുടെ എണ്ണം 80 ശതമാനത്തിൽനിന്ന് 50 ആയി കുറച്ചതിനെത്തുടർന്നാണിത്.
കഴിഞ്ഞകൊല്ലത്തെ ദേശീയ അടച്ചിടലിനുശേഷം വിമാനയാത്ര അനുവദിച്ചപ്പോൾ തുടക്കത്തിൽ 33 ശതമാനം സീറ്റുകളിലാണ് യാത്ര അനുവദിച്ചിരുന്നത്. കഴിഞ്ഞകൊല്ലം ഡിസംബർവരെ അത് തുടർന്നു. പിന്നീട് 80 ശതമാനം സീറ്റുകളിൽ യാത്രക്കാരെ അനുവദിച്ചു.
യാത്രാസമയത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകൾ നിശ്ചയിച്ചാണ് നിലവിൽ നിരക്ക് ഈടാക്കുന്നത്. ഓരോ സ്ലാബിന്റെയും മിനിമം നിരക്കിലാണ് ഇപ്പോൾ വർധന വരുത്തിയത്. 40 മിനിറ്റുള്ള യാത്രയ്ക്ക് നിലവിൽ കുറഞ്ഞ നിരക്ക് 2300 രൂപയാണ്. അത് 2600 ആകും. 40 മിനിട്ട് മുതൽ 60 മിനിട്ടുവരെയുള്ള രണ്ടാം സ്ലാബിലെ കുറഞ്ഞ നിരക്ക് 2900 രൂപയിൽനിന്ന് 3300 ആകും.
ജൂൺ ഒന്നുമുതൽ ഓരോ സ്ലാബിന്റെയും കുറഞ്ഞ നിരക്ക്. കൂടിയ നിരക്ക് ബ്രാക്കറ്റിൽ.
40 മിനിറ്റ് യാത്ര 2600 (7800)
40-60 മിനിറ്റ് യാത്ര 3300 (9800)
60-90 മിനിറ്റ് യാത്ര 4000 (11,700)
90-120 മിനിറ്റ് യാത്ര 4700 (13,000)
120-150 മിനിറ്റ് യാത്ര 6100 (16,900)
150-180 മിനിറ്റ് യാത്ര 7400 (20,400)
180-210 മിനിറ്റ് യാത്ര 8700 (24,200)