‘രക്ത പരിശോധന പോലീസ് ആവശ്യപ്പെട്ടില്ല’; പോലീസിന്റെ വാദം തള്ളി ഡോക്ടര്‍മാരുടെ സംഘടന
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ അപകട മരണത്തില്‍ പോലീസിന്റെ വാദം തള്ളി ഡോക്ടര്‍മാരുടെ സംഘടന. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന പോലീസ് ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ പറഞ്ഞു. പോലീസിന്റെ വീഴ്ച ഡോക്ടര്‍മാരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും പോലീസിന്റെ റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും കെജിഎംഒഎ വ്യക്തമാക്കി.
ശ്രീറാം കേസില്‍ ഡോക്ടര്‍മാരെ പഴിചാരിക്കൊണ്ടുള്ള പോലീസിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ സമര്‍പിച്ചിരുന്നു. രക്തപരിശോധന നടത്താന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. രക്തപരിശോധന പോലീസ് ആവശ്യപ്പെട്ടില്ലെന്നാണ് വിശദീകരണം. ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യ പരിശോധന നടത്താന്‍ മാത്രമാണ് പോലീസ് ആവശ്യപ്പെട്ടത്. കേസില്‍ ഡോക്ടര്‍മാര്‍ നിയമപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കെജിഎംഒഎ പറഞ്ഞു.