‘മണിയുടെ പേരില്‍ കാശുണ്ടാക്കുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുത്’; മുന്നറിയിപ്പുമായി നാദിര്‍ഷ
കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനായിരുന്നു കലാഭവന്‍ മണി. താരം നമ്മളെ വിട്ട് പിരിഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ജനുവരി ഒന്നിന് അമ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. ഇന്ന് ലോകം മുഴുവന്‍ പുതുവത്സരം ആഘോഷിക്കുമ്പോള്‍ എല്ലാവരെയും മണിയെയും ഓര്‍ക്കുന്നുണ്ട്. പ്രിയപ്പെട്ട ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും സ്റ്റാറ്റസുമായി താരത്തെ ഓര്‍ക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇപ്പോഴിതാ മണിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ചൂഷണം ചെയ്യുന്നവരെ കുറിച്ച് ആര്‍ട്ടിസ്റ്റുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിര്‍ഷ. കലാഭവന്‍ മണിയുടെ പേരില്‍ ഒരുപാട് സംഘടനകള്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ടെന്നും മണിയോടുള്ള ബന്ധത്തിന്റെ പേരില്‍ ആര്‍സ്റ്റിസ്റ്റുകള്‍ സൗജന്യമായി പരിപാടികള്‍ ചെയ്യാന്‍ മുതിരുന്നുണ്ടെന്നും നാദിര്‍ഷ പറഞ്ഞു.
മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പെടരുതെന്നും നാദിര്‍ഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളില്‍ പങ്കെടുക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. നാദിര്‍ഷയുടെ വാക്കുകളിലേക്ക്…
ജനുവരി ഒന്ന്. കലാഭവന്‍ മണിയുടെ ജന്മദിനം . കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകള്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികള്‍ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകള്‍ക്കറിയാം .
അതിനാല്‍ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക് , ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക ആരും തന്നെ മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ പേരും പറഞ്ഞ് പിരിക്കുന്നവന്‍മാര്‍ ആരൊക്കെയെന്ന് കമന്റ് ബോക്‌സ് ചെക്ക് ചെയ്താല്‍ മനസ്സിലാകും പ്ലീസ് വെയിറ്റ് -നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, നാദിര്‍ഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാണ്. നിരവധി പേരാണ് താരത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. നാദിര്‍ഷ പറഞ്ഞത് ശരിയാണെന്നാണ് പലരും കമന്റിലൂടെ കുറിക്കുന്നത്. സത്യം ആണ് ഇത് ഒരുപാട് സ്ഥലങ്ങളില്‍ ഇങ്ങനെ സംഭവം ഉണ്ട്. പാവം മണിച്ചേട്ടന്റെ പേരില്‍ പല രീതിയില്‍ ഇങ്ങനെ പണം പിരിവുകള്‍ നടക്കുന്നു. ഇതൊക്കെ അറിഞ്ഞാലും എല്ലാരും കണ്ടില്ല എന്ന് നടിക്കുന്നു- ഒരാള്‍ പോസ്റ്റിന് താഴെ കമന്റായി കുറിച്ചു.
ആ മണിയേട്ടനെ പോലെ ഒരാളും ഇന്ന് ഇത് വരെ മലയാള സിനിമയില്‍ കണ്ടിട്ടില്ല. അത് ഒരു മുത്താണ് ദൈവത്തിന്റെ മുത്ത് ആ മനുഷ്യന്റെ പേര് വെച്ചു ആ വഴിയില്‍ കിട്ടുന്നത് തിന്നുന്നവര്‍ ആരായാലും അത് ദഹിക്കില്ല. അവര്‍ക്കു വഴിയേ വേറെ ദൈവം കൊടുക്കും അത് ആരായാലും.. എല്ലാം അറിയുന്നവന്‍ ദൈവം- മറ്റൊരാള്‍ പോസ്റ്റിന് താഴെ കുറിച്ചു.