സ്റ്റാലിന്‍ മുഖ്യമന്ത്രി; തമിഴ്‌നാട്ടില്‍ ഡി.എം.കെ സര്‍ക്കാര്‍ അധികാരമേറ്റു
ചെന്നൈ: തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്.
സ്റ്റാലിനും രണ്ടു വനിതകളും ഉള്‍പ്പെടെ 34 അംഗങ്ങളാണ് മന്ത്രിസഭയില്‍ ഉള്ളത്. 15 പുതുമുഖങ്ങള്‍ ഉണ്ട്. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ 158 സീറ്റുകളാണ് ഡിഎംകെ സഖ്യം നേടിയത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെ.എന്‍. നെഹ്‌റുവിന് നഗരഭരണവും പെരിയസ്വാമിക്കു ഉന്നത വിദ്യഭ്യാസവും ഇ.വി. വേലുവിനു പൊതുമരാമത്ത് വകുപ്പും നല്‍കി.
വനിത, സാമൂഹിക ക്ഷേമവകുപ്പുകള്‍ ഗീതാ ജീവനാണ് നല്‍കിയിരിക്കുന്നത്. പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് കയല്‍വിഴി ശെല്‍വരാജിനും നല്‍കി. ഇവരാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങള്‍.