പ്രയാഗ് രാജ്:മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ താരമായ ‘മൊണാലിസ’യുടെ ജന്മദിനാഘോഷ വീഡിയോ പുറത്ത്. ഇന്ദോര്‍ സ്വദേശിയായ മോണി ബോസ്ലെ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷമാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ. മോണി ബോസ്ലെയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കണ്ണടച്ചുതുറക്കും വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നും ഈ 16-കാരിയെ വിശേഷിപ്പിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മോണി ബോസ്ലെയ്‌ക്കൊപ്പം ഫോട്ടോയെടുക്കാനും ഇവരുടെ ദൃശ്യം പകര്‍ത്താനും നിരവധി പേരാണ് ഇവരെ തിരഞ്ഞെത്തുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ മാല വില്‍പ്പനയെയും ഈ ആരാധകശല്യം ബാധിച്ചു. മാല വില്‍ക്കുന്ന സ്റ്റാള്‍ മൊണാലിസയെ കാണാനെത്തുന്നവരെ കൊണ്ട് നിറഞ്ഞതോടെയാണ് കുടുംബം പൊറുതിമുട്ടിയത്. വരുന്നവരെല്ലാം മോണി ബോസ്ലെയുടെ ചിത്രം പകര്‍ത്താനാണ് ശ്രമിക്കുന്നത്.
അതിനിടെ, തന്നെ വളഞ്ഞ ആരാധകരില്‍നിന്ന് ഓടിരക്ഷപ്പെടുന്ന മോണി ബോസ്ലെയുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ചിത്രം പകര്‍ത്താനെത്തിയവരില്‍നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടി മുഖവും തലയും ഷാള്‍ കൊണ്ട് മറക്കുന്നതും ഓടിരക്ഷപ്പെടുന്ന ഇവരെ കുടുംബാംഗങ്ങള്‍ സുരക്ഷിതയാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, മോണി ബോസ്ലെയെ കാണാനെത്തുന്നവരുടെ തിരക്കും ശല്യവും വര്‍ധിച്ചതോടെ പെണ്‍കുട്ടിയെ ഇവരുടെ അച്ഛന്‍ നാട്ടിലേക്ക് തിരിച്ചയതായും റിപ്പോര്‍ട്ടുകളുണ്ട്.