തിരുവനന്തപുരം: സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാട് അറിയണമെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണുമെന്ന് ബസുടമകള്‍ വ്യക്തമാക്കി. നിലവില്‍ റോഡ് നികുതി അടയ്ക്കാന്‍ ഒക്ടോബര്‍ വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്.
പതിനായിരത്തോളം ബസുകള്‍ സര്‍വീസ് നിര്‍ത്തിയെന്നാണ് ബസുടമകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് യാത്രക്കാര്‍ ഒഴിഞ്ഞതോടെ നഷ്ടത്തിലായ സാഹചര്യത്തിലാണ് ബസുടമകളുടെ തീരുമാനം. കോവിഡ് തീരുന്നത് വരെ ഇന്ധനത്തിനു സബ്സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.