EntertainmentKerala

Manju Warrier : മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം

കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്   പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്ന നടി  മഞ്ജു വാര്യരുടെ പരാതിയില്‍  പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരന് കോടതി ജാമ്യം അനുവദിച്ചു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിനെതിരെയല്ല മറ്റ് വിഷയങ്ങൾ കോടതിയെ ധരിപ്പിക്കാനുണ്ടെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു.

 

2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നവെന്നാണ് മഞ്ജുവിന്റെ പരാതി. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യർ പരാതിപ്പെടുന്നു. ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സനൽകുമാർ ശശിധരനെതിരെയുണ്ട്. ഇതിൽ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക (Stalking) എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

അന്തർദേശീയ പുരസ്കാരങ്ങൾ അടക്കം നേടിയ സനൽകുമാർ ശശിധരൻ എന്തു കൊണ്ട് മഞ്ജു വാര്യരെ(Manju Warrier ) ചുറ്റിപ്പറ്റി പോസ്റ്റുകൾ ഇടുന്നു എന്ന ചർച്ച സാമൂഹ്യ മാധ്യമങ്ങളിൽ ദിവസങ്ങളായി ചർച്ചാ വിഷയമാണ്. മഞ്ജുവാര്യരുടെ  ജീവന് ഭീഷണിയുണ്ടെന്നും നിക്ഷിപ്ത താത്പര്യങ്ങളുള്ള സ്വന്തം ജീവനക്കാരുടെ തടങ്കലിലാണ് മഞ്ജു വാര്യരെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെ മഞ്ജു വാര്യർ  പ്രതികരിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകരും സിനിമാ ലോകവും. 

നാല് ദിവസം മഞ്ജുവാര്യർ പ്രതികരിക്കാത്തതിൽ സനൽ കുമാർ ശശിധരൻ തന്നെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഒടുവിൽ പൊലീസിൽ പരാതി നൽകി ലേഡി സൂപ്പർസ്റ്റാർ നടപടി കടുപ്പിച്ചതോടെ കൂടുതൽ വിവരങ്ങൾ മറനീങ്ങുന്നത്. എളമക്കര പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ചയാണ് പരാതി നൽകിയത്. ഏറ്റവും ഒടുവിൽ കയറ്റം എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ചിത്രവും പലതരത്തിൽ പ്രതിസന്ധി നേരിട്ടു. കയറ്റത്തിന് ശേഷം തനിക്ക് വിവിധ തലങ്ങളിൽ ഭീഷണിയുണ്ടെന്ന് സനൽകുമാർ ശശിധരനും വെളിപ്പെടുത്തിയിരുന്നു

തിരുവനന്തപുരം പാറശാലയിൽ ബന്ധു വീട്ടിൽ നിൽക്കുമ്പോഴാണ് സനൽകുമാർ ശശിധരനെ എളമക്കര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇന്നോവ വാഹനത്തിൽ സിവിൽ ഡ്രസിൽ  എത്തിയ ഉദ്യോഗസ്ഥർ പിടികൂടുമ്പോൾ ഫേസ് ബുക്ക് ലൈവിലൂടെ കസ്റ്റഡി ദൃശ്യങ്ങൾ സനൽകുമാർ ശശിധരൻ പുറത്ത് വിട്ടിരുന്നു.അ‍ജ്ഞാത സംഘം തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ വിളിച്ച് പറയുന്നുണ്ടായിരുന്നു. 

രാവിലെ 11.15ന് തുടങ്ങിയ നാടകീയത അരമണിക്കൂർ നീണ്ടു.ഒടുവിൽ  പാറശാല പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. പിന്നാലെ പാറശാല പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് കൊച്ചി പൊലീസ് സംഘം സനൽകുമാറിനെയും കൊണ്ട് എളമക്കരയിലേക്ക് തിരിച്ചത്. ഇതിനിടെ കൊച്ചി കമ്മീഷണർ കസ്റ്റഡി സ്ഥിരീകരിച്ചു. വേഷ പ്രച്ഛന്നരായി മുന്നറിയിപ്പ് ഇല്ലാതെ വന്ന് പിടികൂടിയതിൽ സനൽകുമാർ ശശിധരനും പ്രതിഷേധിച്ചു.

അറിയിച്ചിരുന്നെങ്കിൽ താൻ സഹകരിക്കുമായിരുന്നു എന്ന് സനൽകുമാർ അറിയിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും സനൽകുമാർ ശശിധരൻ വിളിച്ച് പറയുന്നുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker