EntertainmentKeralaNews

ഇന്ദ്രജിത്ത് വിളിച്ചു, പിന്നാലെ താന്‍ ‘കാലു പിടിച്ചു പറഞ്ഞു, പക്ഷേ കേട്ടില്ല’ അനശ്വര രാജനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ

തന്റെ പുതിയ സിനിമയായ ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ന്റെ പ്രമോഷനുമായി സഹകരിക്കാൻ നായിക വൈമുഖ്യം കാണിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ദീപു കരുണാകരൻ. അനശ്വര രാജനും ഇന്ദ്രജിത്തും നായികാനായകന്മാരാകുന്ന സിനിമയുടെ കാര്യത്തിലാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നതെന്നും കാലു പിടിച്ചു പറഞ്ഞിട്ടും ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇടാൻ പോലും അനശ്വര വിസമ്മതിച്ച‌െന്നും ദീപു പറയുന്നു. സിനിമയുടെ ഷൂട്ടിന്റെ സമയത്ത് പരിപൂർണമായി സഹകരിച്ച താരം എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ദീപു

ദീപു കരുണാകരന്റെ വാക്കുകൾ:

ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് എന്നോട് ഏറ്റവും കൂടുതൽ സഹകരിച്ച വ്യക്തിയാണ് അവർ. പല സമയത്തും, സിനിമ നിന്നു പോകുമെന്ന അവസ്ഥ എത്തിയപ്പോൾ പോലും, ‘സർ… ഞാൻ കൂടെ ഉണ്ട് നമുക്ക് ചെയ്തു തീർക്കാം’ എന്ന് പറഞ്ഞ് ഒപ്പം നിന്നിട്ടുണ്ട്. പക്ഷേ, സിനിമയുടെ പ്രമോഷന്റെ കാര്യം പറഞ്ഞപ്പോൾ സഹകരിക്കാതെ വന്നത് എന്നെ അദ്ഭുതപ്പെടുത്തി. സിനിമയുടെ ഓഡിയോ റൈറ്റ്സ് ഒരു കമ്പനിക്ക് 10 ലക്ഷം രൂപയ്ക്ക് കൊടുത്തിരുന്നു.

അവർ പ്രധാനമായും ശ്രമിക്കുന്നത് പാട്ടിന് ഇൻസ്റ്റയിൽ റീച്ച് വരുത്തുക എന്നതിലാണ്. സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ ഇൻസ്റ്റ പേജിൽ ഒരു പ്രമോഷൻ പോസ്റ്റ് ഇടാനാണ് അവരോട് ആവശ്യപ്പെട്ടത്. പക്ഷേ, അവർ അതിനു തയാറായില്ല. മ്യൂസിക് കമ്പനിയുടെ ഭാഗത്തു നിന്ന് എനിക്ക് ഭയങ്കര പ്രഷർ ആയി. പ്രമോഷനു വിളിച്ചപ്പോൾ ‘ഏതെങ്കിലും ഒരു ദിവസം നോക്കട്ടെ’ എന്ന തരത്തിലായി പ്രതികരണം.

സിനിമയിലെ നാലു പാട്ടുകൾ ഇറങ്ങിയിട്ടുണ്ട്. ഒന്നിനും കാര്യമായി പ്രമോഷൻ ഇൻസ്റ്റയിൽ കൊടുക്കാൻ പറ്റിയില്ല. മ്യൂസിക് കമ്പനി ആവശ്യപ്പെടുന്നത് ഇൻസ്റ്റയിലെ റീച്ച് ആണ്. ഈ യുവതാരത്തിന്റെ ഒരു ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ട്. ആരാധകർ ഹാൻഡിൽ ചെയ്യുന്നൊരു പേജ്. അതിൽ പാട്ടിന്റെ കാര്യങ്ങൾ പ്രൊമോട്ട് ചെയ്തു. അല്ലാതെ, അവർ ഒഫിഷ്യൽ പേജിൽ അതു ചെയ്തില്ല. പല സിനിമകളുടെയും പ്രമോഷൻ അവർ സ്വന്തം പേജിൽ ചെയ്യാറുള്ളതാണ്. ഈ സിനിമയുടേത് എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് അറിയില്ല. എന്തുകൊണ്ട് ഇങ്ങനെ എന്നത് വ്യക്തമാക്കിയതും ഇല്ല.

പല പ്രാവശ്യം അവരുടെ അമ്മയുമായും മാനേജരുമായും സംസാരിച്ചു. കാലു പിടിച്ചു പറയേണ്ട ഒരു അവസ്ഥ പോലും ഉണ്ടായി. അപ്പോൾ അമ്മ പറഞ്ഞു, ‘എനിക്കൊരു പരിധി കഴിഞ്ഞ് ഇതിനകത്ത് ഒന്നും പറയാൻ പറ്റില്ല, ആ കുട്ടിയുടെ തീരുമാനം അല്ലേ’ എന്ന്. മാനേജരെ വിളിക്കുമ്പോൾ, ‘ദാ ഇപ്പോൾ ഇടുന്നു…. അഞ്ച് മിനിറ്റിൽ ഇടും… പത്തു മിനിറ്റിൽ ഇടും….’ എന്നു പറയുന്നതല്ലാതെ ഒന്നും നടന്നില്ല. ഒടുവിൽ, സിനിമയിലെ ഹീറോ ആയ ഇന്ദ്രജിത്ത് അവരെ നേരിട്ടു വിളിച്ചു. ‘ഈ ചെയ്യുന്നത് മോശമാണ്… നിങ്ങൾ പ്രമോഷൻ ചെയ്യണം… നമ്മുടെ സിനിമയല്ലേ’ എന്നു പറഞ്ഞു. ശരിയെന്നു പറഞ്ഞ് ഇന്ദ്രജിത്തിനോട് മാത്രം സംസാരിച്ചിട്ട് അവർ ഫോൺ വയ്ക്കുകയായിരുന്നു.

ഈ പടത്തിന്റെ റിലീസ് ഡേറ്റ് ഉടനെ തീരുമാനിക്കും. എന്നിട്ട് ഞാൻ ഒരു പ്രമോഷൻ വയ്ക്കും. അവർ‌ അതിനു വരുന്നുണ്ടോ ഇല്ലയോ എന്നു നോക്കാം. ഇതൊരു വിവാദമാക്കി അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നതിൽ ഒരു പരിഹാരം ഉണ്ടാകുന്നില്ലല്ലോ. ഇപ്പോഴും അവർക്ക് ഇൻസ്റ്റയിൽ പോസ്റ്റ് ഇടാം. അങ്ങനെ ചെയ്ത് പ്രശ്നം അവസാനിപ്പിക്കാം. വാർത്തയിലൂടെ ഈ കാര്യം പറയേണ്ട കാര്യം എനിക്കില്ല. നേരെ അസോസിയേഷനിൽ പറഞ്ഞു കഴിഞ്ഞാൽ, അവർക്ക് ചെയ്യേണ്ടി വരും. ഞാൻ അതു ചെയ്യാത്തത്, പ്രമോഷന്റെ സമയം ആകട്ടെ എന്നു കരുതിയാണ്. അതിനാണ് ഞാൻ കാത്തിരിക്കുന്നത്.”

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റിലീസ് പ്രഖ്യാപിച്ച സിനിമയായിരുന്നു ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’. എന്നാൽ ചില കാരണങ്ങളാൽ അന്ന് സിനിമയുടെ റിലീസ് നടന്നില്ല. ഈ വർഷം സിനിമ തിയറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും അണിയറപ്രവർത്തകരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker