തിരുവനന്തപുരം: വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോയിലൂടെ സ്വർണം കടത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയായ സ്വപ്‌ന സുരേഷ് എന്ന് പൊലീസിന്റെ കണ്ടെത്തല്‍. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷ് ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊർജിതമാക്കി.
സ്വപ്നയും നിലവിൽ കസ്റ്റഡിയിലുള്ള സരിത്തും ചേർന്നാണ് സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചിരുന്നത്. ഒരു ഇടപാടിൽ ഇവർക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. നേരത്തെ പലതവണ ഇത്തരത്തിൽ ഇരുവരും ചേർന്ന് സ്വർണം കടത്തിയതായും സൂചനയുണ്ട്.
കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോൺസുലേറ്റിക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിൽ ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കോൺസുലേറ്റിലെ പി.ആർ.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.അതേ സമയം സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് നിഷേധിച്ചു. ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓർഡർ നൽകിയിരുന്നതെന്നും കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചു.