KeralaNews

ദിലീപുമായി സാമ്പത്തിക ഇടപാട്; തിരുവനന്തപുരത്തെ രണ്ട് സിനിമ-സീരിയല്‍ താരങ്ങളെ ചോദ്യം ചെയ്തു

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. തിരുവനന്തപുരം സ്വദേശിനികളാണ് ഇവര്‍. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് സി ഐയുടെ നേതൃത്വമുള്ള സംഘമാണ് മൊഴി എടുത്തത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകണണെന്നാവശ്യപ്പെട്ട് ദിലീപിന് രണ്ട് ദിവസത്തിനകം നോട്ടിസ് നല്‍കും.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായാണ് ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. അന്വേഷണത്തില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഫെബ്രുവരി 17ന് രാത്രിയാണ് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ഒരുസംഘം നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഫെബ്രുവരി 18 ന് നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പള്‍സര്‍ സുനി എന്ന സുനില്‍കുമാറടക്കമുള്ള 6 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഫെബ്രുവരി 19 ന് നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പൊലീസ് പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്.

ഇതേ ദിവസമാണ് സിനിമാപ്രവര്‍ത്തകര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്. ഫെബ്രുവരി 20 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാലാമനായി തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയിലായി. ഫെബ്രുവരി 25 ന് പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിഞ്ഞു. മാര്‍ച്ച് 3 കൂടുതല്‍ അന്വേഷണം നടത്തണമെന്നു പൊലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.

ജൂണ്‍ 26 ന് ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി. അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തല്‍ ദിലീപ് നടത്തിയത്. അക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോള്‍ ഓര്‍ക്കണമെന്നും ദിലീപ് പറഞ്ഞു. വന്‍ വിവാദങ്ങള്‍ക്കാണ് ഈ പ്രസ്ഥാവന വഴിവെച്ചത്. തുടര്‍ന്ന് ജൂണ്‍ 28 ന് ദിലീപിനെയും നാദിര്‍ഷയേയും 13 മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും അറസ്റ്റ് ഉണ്ടായില്ല. ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്.

ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവില്‍ നാല് തവണയുണ്ടായ ജാമ്യനിഷേധനത്തിന് ശേഷം അഞ്ചാം തവണ ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. സഹപ്രവര്‍ത്തകന്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് നടി ആക്രമിക്കപ്പെട്ടതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button