ഡിഫ്തീരിയ തിരിച്ചുവരുന്നു; ഓച്ചിറയില്‍ 11കാരനില്‍ രോഗം സ്ഥിരീകരിച്ചു
മാവേലിക്കര: ഓച്ചിറയില്‍ 11 വയസുകാരനില്‍ സംസ്ഥാനത്തുനിന്നു പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്ത ഡിഫ്തീരിയ സ്ഥിരീകരിച്ചു. പത്തനാപുരം സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആറു ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘം സ്ഥലത്തു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിരോധ കുത്തിവയ്പ് കൃത്യമായി നടത്താത്തതാണ് രോഗകാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കുട്ടികളിലാണ് പ്രധാനമായും രോഗം കാണുന്നത്. രോഗബാധിതരായ കുട്ടികളില്‍നിന്ന് ഇത് പകരാനുള്ള സാധ്യതയും കൂടുതലാണ്. 24 ആഴ്ച വരെ രോഗം പകരാം. രോഗാണു ഹൃദയത്തെയും തലച്ചോറിനെയും ഉള്‍പ്പെടെ ബാധിക്കുകയും ചെയ്യും. രോഗം ബാധിച്ചവരുള്ള സ്ഥലത്തു പനി ബാധിച്ചവരുണ്ടെങ്കില്‍ ഇവരില്‍ രോഗസാധ്യത കൂടുതലാണ്. തൊണ്ടവേദന ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, തൊണ്ടയില്‍ പാട രൂപപ്പെട്ട് ശ്വാസം മുട്ടലുണ്ടാവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.