മറഡോണയുടെ സ്വത്തിനായി എട്ടു മക്കളും കോടതി കയറിയേക്കും
ബ്യൂനസ് ഐറിസ്: കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ സ്വത്തിന്റെ പേരില്‍ നിയമയുദ്ധം നടന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. മറഡോണ വില്‍പത്രം എഴുതിവച്ചിട്ടില്ലെന്നതിനാല്‍ മക്കള്‍ തമ്മില്‍ നിയമപ്പോരാട്ടം നടന്നേക്കുമെന്നാണ് ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍.
ഭൂമിയ്ക്ക് പുറമേ നിരവധി കെട്ടിടങ്ങള്‍, ആഭരണങ്ങള്‍, ആഡംബര കാറുകള്‍ എന്നിങ്ങനെ മറഡോണയ്ക്കു വന്‍ സമ്പാദ്യമുണ്ടെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വിവിധ ക്ലബ്ബുകളുമായുള്ള കരാറില്‍ കോടിക്കണക്കിനു രൂപ സ്വന്തമാക്കിയ മറഡോണയ്ക്കു വിവിധ ബ്രാന്‍ഡുകളുടെ പരസ്യ മോഡല്‍ എന്ന നിലയിലും വരുമാനമുണ്ടായിരുന്നു. എന്നാല്‍, മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കയ്യില്‍ 5 ലക്ഷം ഡോളറേ (3.67 കോടി രൂപ) ഉണ്ടായിരുന്നുള്ളൂവെന്നാണ് ഒരു വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകളിലുള്ളത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ താരത്തിന് ഏറെ പണം നഷ്ടപ്പെട്ടിരുന്നു.
സ്വത്തിനായി മറഡോണയുടെ 8 മക്കളും കോടതി കയറിയേക്കാം. സ്വത്ത് വീതംവയ്ക്കുന്നതു സംബന്ധിച്ചും തര്‍ക്കമുയര്‍ന്നേക്കാം. അര്‍ജന്റീനയിലെ നിയമപ്രകാരം മരിച്ചയാളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കും അവകാശമുണ്ട്. മറഡോണയുടെ മക്കളില്‍ 4 പേരാണ് അര്‍ജന്റീനയിലുള്ളത്. 3 പേര്‍ ക്യൂബയിലും ഒരാള്‍ ഇറ്റലിയിലുമാണ്. ക്ലോഡിയയുടെ പെണ്‍മക്കളായ ഡല്‍മ, ജിയാനിന എന്നിവരാണ് അവസാനകാലത്തു മറഡോണയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്.