മരിച്ചെന്ന് കരുതി സംസ്‌കരിച്ച കൊവിഡ് രോഗി ‘ജീവനോടെ’ തിരിച്ചെത്തി!
കൊല്‍ക്കൊത്ത: കൊവിഡ് രോഗി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഭേദമായി രോഗി വീട്ടിലെത്തി. വെസ്റ്റ് ബംഗാളിലാണ് വിചിത്രമായ സംഭവം നടന്നത്. കൊവിഡ് ബാധിച്ച് ഇദ്ദേഹം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എന്നാല്‍ മരിച്ചുവെന്ന് ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി.
75-കരനായ ഷിബ്ദാസ് ബന്ധ്യോപധ്യായ് പക്ഷേ വീട്ടുകാര്‍ തങ്ങള്‍ക്ക് ലഭിച്ച മൃതദേഹം സംസ്‌കരിച്ച് ശ്രാദ്ധ ചടങ്ങുകള്‍ നടത്തുന്നതിന് ഒരു ദിവസം മുമ്പ് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. നവംബര്‍ 11-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസത്തിനകം മരിച്ചുവെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിച്ചു.
ഞങ്ങള്‍ മൃതദേഹം സംസ്‌കരിച്ച് ശ്രാദ്ധ ചടങ്ങുകള്‍ നടത്താനൊരുങ്ങുകയായിരുന്നു. അപ്പോഴാണ് ആശുപത്രിയില്‍ നിന്ന് ആരോ വിളിച്ച് അച്ഛന് അസുഖം ഭേദമായെന്നും ആംബുലന്‍സ് വിട്ട് ആശുപത്രിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനും പറഞ്ഞത്. ശിബ്ദാസിന്റെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷിബ്ദാസിന്റേതെന്ന് കരുതി സംസ്‌കരിച്ചത് മറ്റൊരു വൃദ്ധനായ കൊവിഡ് രോഗിയുടെ മൃതദേഹമായിരുന്നുവെന്നും പറയുന്നു.