മുംബൈ:ദിവസങ്ങള്‍ നീണ്ടുനിന്ന ആനന്ദ്-രാധിക അത്യാഡംബര വിവാഹത്തിന് തിരശ്ശീല വീണിരിക്കുകയാണ്. വിവാഹ വസ്ത്രം, വിവാഹ സത്ക്കാരത്തിലെ ഭക്ഷണം, അതിഥികള്‍ അങ്ങനെ നിരവധിയായിരുന്നു ഏഷ്യയിലെ ഏറ്റവും ധനികനായ അംബാനിയുടെ ഇളയ മകന്‍ ആനന്ദിന്റെ കല്ല്യാണത്തോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍. ആനന്ദ്-രാധിക വിവാഹത്തിന് ക്ഷണം കിട്ടിയിട്ടും അത് നിരസിച്ച ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
അംബാനി കുടുംബത്തിലെ വിവാഹം എങ്ങനെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുമെന്ന് സംസാരിക്കാനായി 3.6 ലക്ഷം വാഗ്ദാനം ചെയ്തതായി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ കാവ്യ കര്‍ണാടക് അവകാശപ്പെടുന്നു. ക്ഷണം നിരസിച്ചതിന്റെ നാലു കാരണങ്ങളും കാവ്യ വ്യക്തമാക്കുന്നുണ്ട്.
‘പ്രൊമോഷന്‍ വീഡിയോകള്‍ക്ക് സാധാരയായി ലഭിക്കാറുള്ള മൂന്ന് ലക്ഷത്തിലും അധികമായിരുന്നു അവര്‍ നല്‍കാമെന്ന് പറഞ്ഞ പണം. മാതാപിതാക്കള്‍ വിവാഹത്തിന് പോകാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നിട്ടും ഞാന്‍ ആ ക്ഷണം തിരസ്‌കരിച്ചു. അതിന് കാരണങ്ങളുണ്ട്.
വ്യത്യസ്തമായ വിഷയങ്ങളില്‍ വീഡിയോ ചെയ്യാറുള്ള തനിക്ക് ആള്‍ക്കൂട്ടത്തിനൊപ്പം സഞ്ചരിച്ച് ആവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ താത്പര്യമില്ല, ജിയോ ഇന്റ്റര്‍നെറ്റ് സേവന നിരക്കുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ അംബാനി കുടുംബത്തിലെ വിവാഹം പ്രൊമോട്ട് ചെയ്യുന്നത് ശരിയാണെന്ന് തോന്നിയില്ല, കാഴ്ചക്കാരുടെ വിശ്വാസ്യതയ്ക്കാണ് ഞാന്‍ വില കല്‍പിക്കുന്നത്, പണം വാങ്ങിയുള്ള പ്രൊമോഷനുകളേക്കാള്‍ ആധികാരികമായ ഉള്ളടക്കങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്, ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ വിവാഹം മുടങ്ങുന്ന ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുകൊണ്ട് ഇത്തരത്തിലുളള അത്യാഡംബര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്റെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല, ഒരു വിവാഹം സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് ഉതകുമെന്ന അവകാശവാദം വസ്തുതാപരമായി ശരിയായിക്കൊള്ളണമെന്നില്ല, പ്രലോഭിപ്പിക്കുന്ന വാഗ്ദാനമാണ് വന്നതെങ്കിലും എന്റെ ഫോളോവേഴ്സിനോടുള്ള ദീര്‍ഘകാല പ്രതിബദ്ധതയ്ക്കാണ് പ്രാധാന്യം നല്‍കിയത് എന്നിവയാണ് ഞാന്‍ വിവാഹത്തില്‍ പങ്കൈടുക്കാതിരിക്കാനുള്ള കാരണങ്ങള്‍’-കാവ്യ പോസ്റ്റില്‍ പറയുന്നു.
16 ലക്ഷം പേര്‍ കാവ്യയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. ഉത്തരാഖണ്ഡ് സ്വദേശിയായ കാവ്യ 2023-ലാണ് ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേറ്ററായി മാറിയത്. ഇന്ത്യയുടെ വിവിധ സംസ്‌കാരങ്ങളാണ് കാവ്യയുടെ വീഡിയോകളിലെ പ്രധാന ഉള്ളടക്കം.
നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മകളും ഇന്‍ഫ്ളുവന്‍സറുമായ ആലിയ കശ്യപ്, അംബാനിയുടെ വീട്ടില്‍ നടക്കുന്ന ചടങ്ങുകള്‍ വെറും സര്‍ക്കസാണെന്ന് പ്രതികരിച്ചിരുന്നു. ക്ഷണം ലഭിച്ചിട്ടും അവിടേയ്ക്ക് പോകാതിരുന്നത് ആത്മാഭിമാനം ഉള്ളതുകൊണ്ടാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ‘ചില ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചത് അവര്‍ പിആര്‍ വര്‍ക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു.(എന്തിനാണെന്ന് എന്നോട് ചോദിക്കരുത്). എന്നാല്‍ ഒരാളുടെ വിവാഹത്തിന് എന്നെ വില്‍ക്കുന്നതിനേക്കാള്‍ അല്‍പം കൂടുതല്‍ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അതിനാല്‍ ഞാന്‍ ഇല്ല എന്ന് പറഞ്ഞു,’ ആലിയ വ്യക്തമാക്കി.