‘വെറുതെ ആരെയും വിലക്കില്ലല്ലോ? അസോസിയേഷൻ തീരുമാനമെടുത്തത് ശരിയായ പരാതി ലഭിച്ചത് കൊണ്ടാവാം:ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ രംഗത്ത്. സത്യസന്ധമായ പരാതി ലഭിച്ചതുകൊണ്ടായിരിക്കും അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
തുടരെ പരാതികൾ ലഭിച്ചിട്ടുണ്ടാകാമെന്നും അല്ലാതെ അസോസിയേഷൻ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയിൽ ഇടപെടാനോ പോകില്ലെന്നും ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കി.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ;
‘ഷെയ്ൻ നിഗവുമായി ഞാൻ വർക്ക് ചെയ്തിട്ടില്ല. അതുകൊണ്ട് അറിയില്ല. ശ്രീനാഥ് ഭാസിയുമായി വർക്ക് ചെയ്യുന്ന സമയത്ത് ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്ത് തന്നെയായാലും ശരിയായ പരാതി ലഭിച്ചത് കൊണ്ടായിരിക്കണമല്ലോ അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടാവുക. കൃത്യമായി പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും പരാതികൾ വരുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്.
അല്ലാതെ പെട്ടെന്നൊരു ദിവസം ഇങ്ങനെ ചെയ്യില്ലല്ലോ. തുടരെ പരാതികൾ ലഭിച്ചിട്ടുണ്ടാകാം. അല്ലാതെ അസോസിയേഷൻ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയിൽ ഇടപെടാനോ പോകില്ല. സത്യസന്ധമായിട്ടുള്ള പരാതികൾ ആയിരിക്കാം.
സിനിമയില്‍ നടനായും സംവിധായകനായും സജീവമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇനി ഗായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം. ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിലാണ് ധ്യാന്‍ ആദ്യമായി ഗാനം ആലപിക്കാന്‍ ഒരുങ്ങുന്നത്.
വൌവ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ച് സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്. ഇന്ദ്രജിത്ത്, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
അതേസമയം, അഭിനയിച്ച സിനിമകള്‍ തുടരെ തുടരെ പരാജയപ്പെടുകയാണെങ്കിലും ധ്യാനിന്റെതായി നിരവധി സിനിമകള്‍ ഒരുങ്ങുന്നുണ്ട്. ‘നദികളില്‍ സുന്ദരി യമുന’, ‘ബുള്ളറ്റ് ഡയറീസ്’, ‘ചീന ട്രോഫി’ എന്നീ സിനിമകളാണ് നടന്റെതായി ഒരുങ്ങുന്നത്.
ഇത് കൂടാതെ ‘സിബിഐ’ സീരിസിന്റെ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി ഒരുക്കുന്ന ചിത്രത്തിലും ധ്യാന്‍ നായകനാകും. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ധ്യാനിന്റെ സിനിമകള്‍ എല്ലാം പരാജയമായിരുന്നു. ‘ഖാലി പഴ്‌സ് ഓഫ് ദ ബില്യനേഴ്‌സ്’, ‘വീകം’, ‘ഹിഗ്വിറ്റ’ എന്നീ സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു.