EntertainmentKeralaNews

മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചു, കല്യാണച്ചടങ്ങിലും പ്രശ്നങ്ങളുണ്ടാക്കി:മയക്കുമരുന്നിന് അടിമയായിരുന്ന കാലം,തുറന്നുപറഞ്ഞ് ധ്യാന്‍

കൊച്ചി:ജീവിതത്തിൽ ലഹരിക്ക് അമിതമായി അടിമയായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു സമയം താന്‍ രാവിലെ മുതല്‍ വൈകിട്ട് വരെ മദ്യത്തിന് അടിമയായിരുന്നുവെന്നും ‘ലൗവ് ആക്‌ഷന്‍ ഡ്രാമ’ എന്ന സിനിമയിലെ നായകനുമായി തന്‍റെ ജീവിതത്തിന് സാമ്യമുണ്ടായെന്നും ധ്യാൻ പറയുന്നു. സിന്തറ്റിക്ക് ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഭക്ഷണം കഴിക്കുന്ന പോലെയാണ് ലഹരി ഉപയോഗിച്ചിരുന്നതെന്നും മകളുടെ ജനനത്തിന് ശേഷമാണ് താന്‍ ലഹരി ഉപയോഗം കുറച്ചുവെന്നും ധ്യാന്‍ അഭിമുഖത്തിൽ വെളിപ്പെടുത്തി. ലഹരിയില്‍ നിന്നുള്ള പുനരധിവാസമാണ് സിനിമയിലെ അഭിനയമെന്നും താരം കൂട്ടിചേര്‍ത്തു.

‘‘ഞാനൊരു സെലിബ്രിറ്റി കിഡ് ആയിരുന്നല്ലോ, നെപ്പോ കിങ് എന്നൊക്കെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക്ക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്…വേറെ പണിയൊന്നുമില്ല. എന്തെങ്കിലും ചെയ്യണം. അപ്പോൾ ഇതൊക്കെയായിരുന്നു ചെയ്തിരുന്നത്. ലൗവ് ആക്‌ഷൻ ഡ്രാമയിലെ നിവിൻ പോളിയുടെ കഥാപാത്രം പോലെ തന്നെ.

മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. അങ്ങനെയൊരു കാലഘട്ടം ഉണ്ടായിരുന്ന എനിക്ക് ആ സമയത്ത് പ്രണയമുണ്ടായിരുന്നു. മദ്യപിച്ചിട്ടാണെങ്കിലും വീട്ടിൽ പോകും, അമ്മ എന്നെ ചീത്തവിളിക്കും. മൊത്തത്തിൽ യൂസ്‌ലെസ് ആയിരുന്നു ഞാൻ. സിനിമയിൽ നിവിൻ, നയൻതാരയോട് പറയുന്നൊരു ഡയലോഗ് ഉണ്ട്. ‘‘വീട്ടിൽ അച്ഛൻ കുറേ പൈസ ഉണ്ടാക്കി വച്ചിട്ടുണ്ട്, അതുകൊണ്ട് എനിക്ക് ജോലിക്കു പോകേണ്ട കാര്യമൊന്നുമില്ല, ഈ പൈസയൊക്കെ ആരെങ്കിലും ചിലവാക്കേണ്ടേ, ഞാന്‍ എന്നും വീട്ടിൽ താങ്ങും തണലുമായി ഉണ്ടാകും.’’ ഇത് ഞാൻ എന്റെ കാമുകിയോട് ആ സമയത്ത് പറഞ്ഞിട്ടുണ്ട്.

വിവാഹം കഴിച്ചതിനുശേഷമാണ് ജീവിതത്തിൽ ഒരുപാട് മാറ്റം വരുന്നത്. കല്യാണത്തിന്റെ തലേദിവസം വരെ ഞാൻ ചീട്ടുകളിച്ചുകൊണ്ടിരിക്കുകയാണ്. രാത്രി ഒൻപതു മണിക്ക് മദ്യപിച്ച് ചീട്ടുകളിയാണ്. പിറ്റേദിവസം കണ്ണൂർ വച്ചാണ് കല്യാണം. ഇത് ഞാൻ സിനിമയിൽ വന്നതിന് ശേഷമുള്ള കഥയാണ്. 2017ൽ. ഉച്ചയ്ക്ക് തുടങ്ങിയ അടിയാണ്. കൂടെയുള്ള സുഹൃത്തുക്കള്‍ക്ക് എന്ത് കല്യാണം. രാവിലെ പോകാം എന്നാണ് ഇവന്മാർ പറയുന്നത്.  ഈ സമയത്ത് മാമന്മാരും അമ്മയും കല്യാണപ്പെണ്ണുമൊക്കെ വിളിക്കുന്നുണ്ട്. അവിടുന്ന് ആരോ പറഞ്ഞുപോലും വരുന്നുണ്ടേൽ ഇനി വരട്ടെ പണ്ടാരമെന്ന്.

അർപിത അവസാനം വിളിച്ച് ചോദിച്ചു, ‘വരുന്നുണ്ടോ’ എന്ന്. ഞാൻ പറഞ്ഞു, ‘ആ വരാം’. പെട്ടന്ന് ദേഷ്യം വരുന്ന ആളാണ്, ചിലപ്പോൾ വരുന്നില്ലെന്നൊക്കെ ഞാൻ പറഞ്ഞുപോകും. അതുകൊണ്ടാണ് മദ്യപാനം നിർത്താൻ തന്നെ തീരുമാനിച്ചത്. കൂട്ടത്തിൽ ബോധമുള്ള ഒരുത്തൻ പറഞ്ഞു, പോകാമെന്ന്, അങ്ങനെയാണ് പോകാൻ തന്നെ തയാറാകുന്നത്.

ഒരു ചടങ്ങിനപ്പുറം വിവാഹം ഒരു സംഭവമേ അല്ല. പതിനാല് വർഷത്തെ ബന്ധമാണ് എന്റെയും അർപ്പിതയുടേയും. അഞ്ചാറ് വർഷം സുഹൃത്തുക്കളായി, എട്ടു വർഷം പ്രണയിച്ചു, അതുകൊണ്ട് ഇതൊരു ചടങ്ങ് മാത്രമായിരുന്നു എനിക്ക്. പക്ഷേ അവൾക്ക് അങ്ങനെയല്ല, ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ സ്വപ്നമായിരിക്കും വിവാഹം. കൂട്ടത്തിലെ ആ ബോധമുള്ള ഒരുത്തൻ വണ്ടി ഓടിച്ച്, വളരെ സുരക്ഷിതമായി എന്നെ വിവാഹപ്പന്തലിൽ എത്തിച്ചു.

മൂന്ന് മണിക്ക് അവിടെ എത്തുന്നു, അവിടെയും മദ്യപാനം. ആറുമണിക്ക് കുളിക്കുന്നു, ഏഴ് മണിക്ക് അജു വരുന്നു, വീണ്ടും മദ്യപാനം.  ഒൻപതരയ്ക്ക് കല്യാണത്തിന് പോകാൻ റെഡിയാകുമ്പോൾ മൊത്തത്തിൽ പിങ്ക് കളറ് സെറ്റപ്പ്. ഒരു കളർ സെൻസുമില്ലാത്ത ആളുകൾ എന്നൊക്കെ ഞാൻ പരാതി പറയുന്നുണ്ട്. അങ്ങനെ പന്തലിൽ എത്തി. എന്നേക്കാൾ മുമ്പ് എല്ലാവരും വന്നിരിപ്പുണ്ട്. മന്ത്രിമാരോ ആരൊക്കെയോ ഉണ്ട്. കണ്ണൂരാണല്ലോ കല്യാണം. ഇത്രയും യൂസ്‍ലെസ് ആയ എന്റെ കല്യാണത്തിന് ഇവരൊക്കെ എന്തിന് വന്നു എന്നാണ് എന്റെ ചിന്ത. ശ്രീനിവാസന്റെ മകനാണെന്ന കാര്യം ഇടയ്ക്ക് മറന്നുപോകും. എന്റെ കല്യാണത്തിനു വന്നതല്ല, ശ്രീനിവാസന്റെ മകന്റെ വിവാഹത്തിനു വന്ന ആളുകളാണ് അവരൊക്കെ.

ഇന്റർകാസ്റ്റ് വിവാഹമാണല്ലോ, വലിയ ചടങ്ങുകളൊന്നുമില്ല. അച്ഛൻ പന്തലിൽ കയറി ആദ്യ അനൗൺസ്മെന്റ്. ‘‘എന്റെ മകനാണെന്ന് ഞാൻ വിശ്വസിക്കുന്ന ധ്യാൻ ശ്രീനിവാസൻ സ്റ്റേജിലേക്കു വരുക’’ അത് അതിനപ്പുറം. അങ്ങനെ താലികെട്ടുന്നു, സദ്യയിലേക്ക് കടക്കുന്നു. ഞങ്ങളുടെ നാട്ടിൽ മീൻ കറിയും ചിക്കനുമില്ലാതെ ഒരുപരിപാടിയുമില്ല. നോക്കുമ്പോൾ ഓർഗാനിക് സദ്യ. നല്ല ഭക്ഷണം തന്നെയായിരുന്നു അല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ അവിടെ എന്റെ പിടിവിട്ടു. ‘‘ഞാൻ പോകുവാണെന്ന്’’ പറഞ്ഞു. 

ഞാൻ അവിടെ പ്രശ്നമുണ്ടാക്കി, പക്ഷേ അവരൊക്കെ നിർബന്ധിച്ച് സദ്യ കഴിപ്പിച്ചു. പിന്നീട് നോക്കുമ്പോൾ എനിക്ക് പോകാൻ പൂവ് ഒട്ടിച്ച കാർ. ഞാൻ വരുമ്പോൾ ഈ പൂവ് ഇല്ലായിരുന്നുവെന്ന് അമ്മയോട് പറഞ്ഞു. അതാണ് അതിന്റെ രീതിയെന്ന് അമ്മ പറഞ്ഞു. പൂവ് പറിച്ചു കളയാൻ ഞാൻ നിർബന്ധം പിടിച്ചു. അങ്ങനെ ആ കാറിൽ എറണാകുളത്തെത്തി. അന്ന് രാത്രിയും ചീട്ടുകളി. അതായിരുന്നു എന്റെ കല്യാണം.

ഞാൻ വിവാഹം കഴിച്ചതു തന്നെ വീട്ടുകാർക്ക് വലിയ കാര്യമായിരുന്നു. ഇതിലും അപ്പുറത്തെ കളി കളിച്ചിട്ടുണ്ട്. ഞാൻ നശിച്ചുപോകുമെന്നാണ് എന്റെ കുടുംബം മൊത്തം വിചാരിച്ചിരുന്നത്. അച്ഛൻ വീട്ടിൽ നിന്നിറക്കി വിടുന്നു, അദ്ദേഹത്തിന് അസുഖമുണ്ടാകുന്നു. ഒരു സിനിമാറ്റിക് ജീവിതമായിരുന്നു എന്റേത്. 2013നു ശേഷം മദ്യപാനം കുറച്ചിരുന്നു. മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത്. വീട്ടിൽ നിന്നും പുറത്തായെന്ന് അറിയുന്നത് തന്നെ ബോധം വന്ന ശേഷമാണ്. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി െതറ്റിപ്പിരിയുന്നത്. പല സ്കൂളുകൾ നിന്നും മാറ്റിയിട്ടുണ്ട്, എല്ലാ സ്ഥലത്തും പ്രശ്നങ്ങൾ. ഇതൊരു സിനിമയാക്കണമെന്ന് വിചാരിക്കുന്നുണ്ട്. 

2013ന് ശേഷം മദ്യപാനം കുറച്ചു തുടങ്ങി. പിന്നീട് ഓർഗാനിക്കിലേക്ക് കടക്കുന്നു. 2018 ൽ സിന്തറ്റിക് ഉപയോഗിച്ചു തുടങ്ങി. കോളജ് കാലഘട്ടത്തിൽ നിർത്തിയതായിരുന്നു സിന്തറ്റിക്. മദ്യവും സിന്തറ്റിക്കും വന്നതോടെയാണ് അച്ഛനുമായി കടുത്ത പ്രശ്നങ്ങൾ വരുന്നത്. ഇതൊന്നും ഒരിക്കലും ചെയ്യാൻ പാടില്ല. നമ്മൾ എന്താണ് പറയുന്നതുപോലും അറിയാൻ പറ്റില്ല, നമ്മളെന്തോ സംഭവമാണെന്ന് അത് ഉപയോഗിക്കുമ്പോൾ വിചാരിക്കും. 

മലയാള സിനിമയിൽ‍ തന്നെ ഓർഗാനിക്കൊന്നും ആർക്കും വേണ്ട എല്ലാവരും സിന്തറ്റിക്കിലേക്ക് മാറി. എന്റെ ജീവിതം തുലച്ചത് ഈ സിന്തറ്റിക് ഉപയോഗമാണ്. അതെന്റെ നശിച്ച കാലമായാണ് ഞാൻ കണക്കാക്കുന്നത്. അവസാനം ഞാൻ കരഞ്ഞത് വരെ ആ സമയത്താണ്. നമ്മുടെ ശരീരവും ഇല്ലാതാക്കി കളയും. 2019 തൊട്ട് 21 വരെ ഞാൻ ഉപയോഗിച്ചു. എല്ലാ ദിവസവും ഞാൻ ഉപയോഗിക്കുമായിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്നവർക്ക് അസുഖം വന്നു തുടങ്ങി, എല്ലാ ബന്ധങ്ങളും ഇല്ലാതായി. അന്ന് ഉണ്ടായിരുന്നവർ ഇപ്പോൾ എവിടെയുണ്ടെന്നു പോലും അറിയില്ല. 

ഒറ്റയ്ക്ക് ഇരുന്നുള്ള ഈ ഉപയോഗങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോഴാണ് നമ്മൾ ഇതിന് അടിമകളായി മാറുന്നത്. അതോടെ അവന്റെ ജീവിതം അവിടെ തീരും. ആ ഒറ്റപ്പെടൽ ഞാനും ആഗ്രഹിച്ച് തുടങ്ങിയിരുന്നു. കുഞ്ഞു വന്നതോടെ ജീവിതത്തിലെ എല്ലാം മാറി. എന്റെ റീ ഹാബ് ആണ് ഈ സിനിമകൾ. ഒരു ദിവസംപോലും സിനിമ ചെയ്യാതെ ഇരിക്കുന്നില്ല. ആ റീ ഹാബിന്റെ അവസാന ഘട്ടത്തിലാണ് ഞാൻ. ചിലപ്പോൾ ഒരു വർഷം കഴിയുമ്പോൾ ഇപ്പോൾ ചെയ്യുന്ന ചവറ് സിനിമകൾ നിർത്തുമായിരിക്കും, നല്ല സിനിമകൾ ചെയ്യുമായിരിക്കും. ചിലപ്പോൾ ഈ ഇൻഡസ്ട്രി തന്നെ വിട്ട് വേറെ ജോലിക്കു പോകുമായിരിക്കും. 

സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന അഞ്ച് സിനിമകൾ മനസ്സിലുണ്ട്. അതൊക്കെ ഈ സൈഡിലൂടെ ഇറക്കി വിടണം. എന്നെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. എന്റെ അടുത്ത് ഇങ്ങോട്ട് വന്ന് പറഞ്ഞ ആളുകള്‍ക്കൊപ്പമാണ് ഞാൻ സിനിമ െചയ്തിട്ടുള്ളത്. ഞാൻ ആ കഥയിൽ ഓക്കെയാണോ എന്നു ചോദിച്ചിട്ടാണ് ആ സിനിമ ചെയ്യുക. 

ഒരു പാരലൽ ഇൻഡസ്ട്രിയാണെന്ന് ഞാൻ തന്നെ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇത്രയും പരാജയമുണ്ടായ ഒരു നടന്‍. ചരിത്രത്തിൽപോലും അങ്ങനെയൊരാൾക്ക് ഇത്രയും സിനിമകൾ കിട്ടിയിട്ടുണ്ടാകില്ല. എന്റെ ലൈനപ്പില്‍ പതിനഞ്ച് സിനിമകൾ ചെയ്യാനുണ്ട്. എനിക്കിത്രയും സിനിമയിലുണ്ടെങ്കിൽ അതിനൊരുത്തരം വേണ്ടേ? അത്രയും മോശം അവസ്ഥയിലാണോ മലയാള സിനിമ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ബാക്കിയുള്ള മെയ്ൻസ്ട്രീം ആളുകളിലേക്ക് ഇവർക്ക് എത്തിപ്പെടാൻ പറ്റുന്നില്ല. എല്ലാവരും ഒരു ഗ്രൂപ്പിൽ മാത്രവും തങ്ങളുടെ കംഫർട് സോണിലും ഒതുങ്ങി സിനിമ ചെയ്യുകയാണ്. എന്തുകൊണ്ടാകാം എനിക്കിത്രയും സിനിമകള്‍ വരുന്നതെന്ന് ആലോചിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരങ്ങളാണിത്.

ആരെയും പറ്റിക്കാൻ വേണ്ടിയല്ല ഞാൻ ഈ സിനിമ ചെയ്യുന്നത്. എന്റെ സിനിമകളെല്ലാം ബിസിനസ് ആകുന്നുണ്ട്. ഈ വരുന്ന സിനിമ ഉൾപ്പടെ. പിന്നെ 120 രൂപ മുടക്കി സിനിമ കാണാൻ വരുന്നവരോട് പറയാനുള്ളത്, എന്റെ അഭിമുഖം കണ്ട് ഇഷ്ടപ്പെട്ട് സിനിമയ്ക്ക് വരരുത്. റിവ്യു നോക്കി മാത്രം സിനിമയ്ക്കു പോകുക.’’–ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker