റാഞ്ചി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാന മത്സരത്തില്‍ ആര്‍സിബിയോട് തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ റാഞ്ചിയിലേക്ക് മടങ്ങിയ എം എസ് ധോണി കാലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേനാകുമെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലായിരിക്കും കാലിലെ പേശികള്‍ക്കേറ്റ പരിക്കിന് ധോണി ശസ്ത്രക്രിയക്ക് വിധേയനാകുകയെന്ന് ധോണിയോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് കരുതിയ ധോണി ഇക്കാര്യത്തില്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷമെ വിരമിക്കുന്നതിനെക്കുറിച്ച് ധോണി നിലപാട് വ്യക്തമാക്കു എന്നാണ് കരുതുന്നത്.കാലിലെ പേശികള്‍ക്കേറ്റ പരിക്ക് ഐപിഎല്ലില്‍ ധോണിയെ അലട്ടിയിരുന്നു. ഇതുമൂലം ഓടാന്‍ പോലും ബുദ്ധിമുട്ടിയ ധോണി മിക്കവാറും മത്സരങ്ങളില്‍ പതിനെട്ടാം ഓവറിനുശേഷമോ എട്ടാമനായോ ആണ് ക്രീസിലിറങ്ങിയിരുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു.
എന്നാല്‍ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഡെവോണ്‍ കോണ്‍വെ പരിക്കേറ്റ് പുറത്തായതിനാല്‍ ധോണി എല്ലാ മത്സരങ്ങളിലും കളിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷമെ അടുത്ത സീസണില്‍ കളിക്കണോ വിരമിക്കണോ എന്ന കാര്യത്തില്‍ ധോണി അന്തിമ തീരുമാനമെടുക്കൂ എന്നാണ് റിപ്പോര്‍ട്ട്.
ആര്‍സിബിക്കെതിരായ മത്സരത്തിനുശേഷം നേരെ റാഞ്ചിയിലെ വസതിയിലെത്തിയ ധോണി വീടിന് സമീപത്തെ റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന വീഡിയോ ഇന്ന് പുറത്തുവന്നിരുന്നു.ശനിയാഴ്ച ആര്‍സിബിക്കെതിരെ നടന്ന അവസാന ലീഗ് മത്സരത്തില്‍ ജയിക്കുകയോ 18 റണ്‍സില്‍ താഴെ തോല്‍ക്കുകയോ ചെയ്താലും ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു.
യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ചെന്നൈക്ക് പ്ലേ ഓഫിലെത്താന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ ധോണി സിക്സിന് പറത്തി സ്റ്റേഡിയത്തിന് പുറത്തെത്തിച്ചെങ്കിലും അടുത്ത പന്തില്‍ വീണ്ടും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ പുറത്തായത് ചെന്നൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തിരുന്നു.പിന്നീടുള്ള നാലു പന്തില്‍ ഒരു റണ്‍ മാത്രം നേടിയ ചെന്ന് 27 റണ്‍സ് തോല്‍വി വഴങ്ങി പുറത്തായി.