‘മരണത്തെ താന്‍ ഇഷ്ടപ്പെടുന്നു’ ദേവികയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവായി നോട്ടുപുസ്തകം കണ്ടെത്തി
മലപ്പുറം: കേരളക്കരയെ ഞെട്ടിച്ച ദേവികയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവായി നോട്ടുപുസ്തകം പോലീസ് കണ്ടെത്തി. മരണത്തെ താന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് നോട്ട്ബുക്കില്‍ ദേവിക കുറിച്ചിരിക്കുന്നത്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘം വളാഞ്ചേരി ഇരുമ്പിളിയത്തെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.
ജൂണ്‍ രണ്ടിനാണ് മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകള്‍ ആണ് ദേവിക (14).
വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം പങ്കുവെച്ചിരുന്നതായി മാതാപിതാക്കളും അറിയിച്ചു. വീട്ടിലെ ടി.വി പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. തീ കൊളുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പോലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, മലപ്പുറത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വകുപ്പ് തല വീഴ്ച പറ്റിയിട്ടില്ലെന്ന റിപ്പോര്‍ട്ട് ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചു. വിശദമായി അന്വേഷിച്ച് ശക്തമായ നടപടി എടുക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ അസൗകര്യങ്ങള്‍ സംബന്ധിച്ച കുറവുകള്‍ നികത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ എടുക്കുന്ന ഘട്ടത്തിലാണ് വിദ്യാര്‍ത്ഥിനിയുടെ മരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.