29.1 C
Kottayam
Saturday, May 4, 2024

ബിന്ദു അമ്മിണിയുമായുള്ള കൂടിക്കാഴ്ച:ദേവസ്വം മന്ത്രിയുടെ വിശദീകരണം ഇങ്ങനെ

Must read

 

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയ്‌ക്കൊപ്പം പുറപ്പെട്ട  ബിന്ദു അമ്മിണിയുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന ബിജെപി നേതാവ് കെ സുരേ ന്ദ്രന്റെ ആരോപണം തള്ളി തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബിന്ദുവുമായി ഒരു കൂടിക്കാഴ്ചയും താൻ നടത്തിയിട്ടില്ലെന്നും  ആരോപണങ്ങൾ ദുരുദ്ദേശത്തോടെ ഉള്ളതാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെയാണ്

അമ്മിണി എന്ന സ്ത്രീയുമായി ഞാന്‍ ഇന്നലെ (25.11.2019) ചര്‍ച്ച നടത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്‍റെ ഫേസ്ബുക് പോസ്റ്റ് തികഞ്ഞ അസംബന്ധമാണ്.

ഇന്നലെ ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് ചേര്‍ത്തലയിലും വൈകുന്നേരം ആറ് മണിക്ക് കരുനാഗപ്പള്ളിയിലും പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. അത് കഴിഞ്ഞു രാത്രി എട്ടു മണിയോടെ നേരെ തിരുവനന്തപുരത്തെ വീട്ടിലാണെത്തിയത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആര്‍ക്കും എന്‍റെ യാത്രാ പരിപാടിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു ഉറപ്പു വരുത്താവുന്നതാണ്.

ആലപ്പുഴയിലെയും കൊല്ലത്തെയും മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തയും വന്നിട്ടുണ്ട്.
തിരുവനന്തപുരത്തില്ലാത്ത ഞാന്‍ എങ്ങനെയാണ് തിരുവനന്തപുരത്ത് വെച്ച് മേല്‍പറഞ്ഞ സ്ത്രീയുമായി ചര്‍ച്ച നടത്തുക?
നാഥനില്ലാത്ത കല്ലുവെച്ച നുണകള്‍ നാണമില്ലാതെ പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് രീതിയാണ് ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നത്. നുണ പ്രചരിപ്പിച്ച് സത്യമാണെന്ന് വരുത്തുകയെന്നത് സംഘപരിവാറിന്‍റെ പ്രചാരണ രീതിയാണ്. ഭക്തജനങ്ങളെ സര്‍ക്കാരിനെതിരായി അണിനിരത്താമെന്ന ലക്ഷ്യത്തോടെ കെ സുരേന്ദ്രന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ശബരിമല സീസണില്‍ കണ്ടതാണ്. അതിനുള്ള തിരിച്ചടിയും അവര്‍ക്ക് കിട്ടി. വസ്തുതകള്‍ ആരും പരിശോധിക്കില്ലെന്നാണ് സുരേന്ദ്രനും ബിജെപിയും കരുതുന്നത്.

സര്‍ക്കാരിന്‍റെ സമ്മതത്തോടെയാണ് ബിന്ദു അമ്മിണി ശബരിമല ക്ഷേത്രത്തില്‍ കയറാന്‍ പോയതെന്ന് വരുത്താനാണ് ബിജെപി ശ്രമിച്ചത്. വ്യക്തമായ ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നിട്ടുണ്ട്. തൃപ്തി ദേശായി വരുന്ന വിവരം ആര്‍എസ്എസിനും ഒരു ടിവി ചാനലിനും മാത്രമേ കിട്ടിയിട്ടുള്ളു. വിമാനത്താവളത്തില്‍ തൃപ്തി ദേശായി എത്തുമ്പോള്‍ ഒരു ടിവി ചാനല്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പോലീസ് കമ്മീഷണര്‍ ഓഫീസില്‍ പോയപ്പോള്‍ അവിടെ ബിജെപിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ വ്യക്തമായ ഗൂഢാലോചന നടന്നു എന്നതിന്‍റെ തെളിവുകളാണ്. അവര്‍ തയ്യാറാക്കിയ ഗൂഢാലോചന പൊളിഞ്ഞതിന്‍റെ ജാള്യം തീര്‍ക്കാനാണ് ബിജെപി നേതാക്കള്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്.

2019 നവംബര്‍ 25 നു ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ സുരേന്ദ്രന്‍ ജനങ്ങളോട് പരസ്യമായി മാപ്പു പറയാന്‍ തയ്യാറാകണം.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week