മകളുടെ തിരോധാനം അറിഞ്ഞപ്പോള്‍ തന്നെ പൊട്ടിക്കരഞ്ഞു കൊണ്ട് വിമാനം കയറി; അച്ഛന്‍ വീട്ടിലെത്തിയപ്പോള്‍ കാത്തിരുന്നത് മകളുടെ വിയോഗ വാര്‍ത്ത
കൊല്ലം: ഇളവൂരില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസ്സുകാരിയുടെ തിരോധാനം കേരളക്കരയെ ഒന്നടങ്കം സങ്കടക്കടലില്‍ ആക്കിയ ഒന്നായിരിന്നു. ഇപ്പോഴിത അവളുടെ വിയോഗ വാര്‍ത്തയില്‍ കണ്ണീരണിയുകയാണ് കേരളം. കൊല്ലം നെടുമണ്‍കാവ് പുലിയില ഇളവൂര്‍ തടത്തില്‍ മുക്ക് ധനേഷ് ഭവനില്‍ പ്രദീപ്കുമാര്‍-ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയാണ് നാട്ടുകാരെയും വീട്ടുകാരെയും കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. ഒമാനിലായിരുന്ന പ്രദീപിന് മകളുടെ തിരോധാനം അറിഞ്ഞപ്പോള്‍ തന്നെ പൊട്ടിക്കരഞ്ഞു കൊണ്ട് വിമാനം കയറി. മകളെ ആരെ തട്ടിക്കൊണ്ടു പോയെന്നും തിരിച്ചു കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് അച്ഛന്റെ വരവ്. എന്നാല്‍ വിമാനം ഇറങ്ങിയ അച്ഛനെ തേടിയെത്തിയത് മകളുടെ വിയോഗ വാര്‍ത്തയായിരിന്നു.
രാവിലെ 9 മണിയോടെയാണ് അച്ഛന്‍ കൊല്ലത്തെ വീട്ടിലെത്തിയത്. അതിന് ഒന്നര മണിക്കൂര്‍ മുമ്പ് വിമാനവും ഇറങ്ങി. ഏതാണ്ട് ഇതേ സമയത്താണ് ദേവനനന്ദയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തതും. അങ്ങനെ ദുഃഖം തളം കെട്ടിയ വീട്ടിലേക്കായിരുന്നു പ്രദീപിന്റെ വരവ്. രണ്ട് ബന്ധുക്കള്‍ താങ്ങി പിടിച്ചാണ് വീട്ടിലേക്ക് കൊണ്ടു വന്നത്. ഉള്ളില്‍ ഭാര്യയെ കെട്ടിപിടിച്ച് പൊട്ടിക്കരച്ചില്‍. പിന്നെ പോലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് മൃതദേഹത്തിന് അടുത്തേക്കും. മൃതദേഹം കണ്ട പ്രദീപിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പിന്നെ തിരികെ വീട്ടിലേക്ക് മടങ്ങി.
കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തന്നെയാണ് പുഴയില്‍ നിന്നു കിട്ടിയ മൃതദേഹത്തിലുള്ളതും. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ബാക്കി നടപടികള്‍ പോലീസ് തുടങ്ങി. ഇതിനിടെയാണ് അച്ചന്‍ മസ്‌കറ്റില്‍ നിന്ന് എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു കുട്ടിയെ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കാണാതായത്. ഇന്നലെ മുതല്‍ കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് വ്യാപക തെരച്ചിലാണ് നടത്തിക്കൊണ്ടിരുന്നത്. അന്വേഷണത്തിന് ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു വിപുലമായ അന്വേഷണമായിരുന്നു പൊലീസും നടത്തിയത്. അതിനിടയിലാണ് ഇന്ന് രാവിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്.