ദേവനന്ദയുടെ മരണം; നാലു യുവാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു
കൊല്ലം: ആറുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ നാല് യുവാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വീട്ടിലെത്തുമായിരുന്ന രണ്ട് പേരെയും സമീപവാസികളായ മറ്റ് രണ്ടു പേരെയുമാണ് ചോദ്യം ചെയ്തത്. അതേസമയം, വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് തിങ്കളാഴ്ച പോലീസിന് കൈമാറും.
പതിനഞ്ചുകാരനും പതിനെട്ടുകാരനുമുള്‍പ്പെടെ 25 വയസ്സില്‍ താഴെയുള്ള നാല് പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതില്‍ രണ്ടു പേര്‍ സ്ഥിരമായി കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നവരാണ്. അടുത്ത ബന്ധുക്കളുമാണ് ഈ രണ്ട് യുവാക്കള്‍. ദേവനന്ദയുടെ വീടിനു സമീപത്തെ മറ്റ് രണ്ട് യുവാക്കളെയും ചോദ്യം ചെയ്തു. ഇവരില്‍ ചിലര്‍ കുട്ടിക്കൊപ്പം മൊബൈലില്‍ കളിച്ചിരുന്നുവെന്ന വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍.
കൊലപാതകമെന്ന് സംശയിത്തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍ ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളിലും തുടരും. ആറ്റില്‍ നിന്ന് ശേഖരിച്ച ചെളിയുടെയും വെള്ളത്തിന്റെയും പരിശോധന ഫോറന്‍സിക് സംഘം തുടരുകയാണ്. കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയ ചെളി ഏത് ഭാഗത്തേതെന്ന് തിരിച്ചറിയുന്നതിനാണ് പരിശോധന. വിശദ റിപ്പോര്‍ട്ട് തിങ്കളാഴ്ച അന്വേഷണ സംഘത്തിന് കൈമാറും.
തടയണയ്ക്ക് സമീപത്തുവെച്ചല്ല ആറ്റില്‍ അകപ്പെട്ടതെന്ന് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. വീടിനു സമീപത്തുള്ള കല്‍പ്പടവില്‍ നിന്നാകാം കുട്ടി ആറ്റില്‍ അകപ്പെട്ടതെന്നാണ് സംശയം.