
മുംബൈ: മൂന്നാമതൊരു കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചുറപ്പിച്ച് യുവാവ് നാല് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സഞ്ജയ് എന്ന 40 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ അമ്മ ഷൈലജയാണ് (36) പരാതി നൽകിയത്.
മഹാരാഷ്ട്രയിലെ ഘാട്കോപറിലാണ് സഞ്ജയും ഷൈലജയും മൂന്ന് മക്കളും താമസിച്ചിരുന്നത്. മൂന്നാമത്തെ മകൾ ശ്രേയ നാല് മാസം മുൻപാണ് ജനിച്ചത്. സാമ്പത്തിക പ്രയാസമുണ്ടായിരുന്നതിനാൽ മൂന്നാമത്തെ കുഞ്ഞിന്‍റെ ജനനത്തിന് ശേഷം സഞ്ജയ് സന്തുഷ്ടനായിരുന്നില്ലെന്ന് ഷൈലജ പൊലീസിനോട് പറഞ്ഞു. വഴക്ക് പതിവായിരുന്നുവെന്നും യുവതി പറഞ്ഞു.
വെള്ളിയാഴ്‌ച ഷൈലജ ജോലിക്ക് പോയ സമയത്താണ് തൊട്ടിലിൽ ഉറങ്ങുകയായിരുന്ന ശ്രേയയെ അച്ഛൻ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നത്. ഷൈലജ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ, മകൾക്ക് സുഖമില്ലെന്നാണ് സഞ്ജയ് പറഞ്ഞത്. തുടർന്ന് ഇരുവരും ചേർന്ന് കുഞ്ഞിനെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
കുഞ്ഞിന്‍റെ മരണം കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് ഡോക്ടർമാർ നൽകിയത്, തുടർന്നാണ് കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. ചോദ്യംചെയ്യലിൽ സഞ്ജയ് കുറ്റം സമ്മതിച്ചതായി പന്ത് നഗർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ രമേഷ് കേവാലെ പറഞ്ഞു.
കുഞ്ഞിന്‍റേത് സ്വാഭാവിക മരണമാണെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാൻ കഴിയുമെന്നാണ് സഞ്ജയ് കരുതിയതെന്നും എന്നാൽ ഒരു മണിക്കൂറിനുള്ളിൽ ഇയാൾ പറയുന്നത് കള്ളമാണെന്ന് വ്യക്തമായെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാർച്ച് 7 വരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഭാരതീയ ന്യായ് സൻഹിതയിലെ 103(1)(കൊലപാതകം) വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.