അബഹ: സൗദി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ബിസ്‌കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് പലചരക്ക് കട (ബഖാല)യുടെ ഉടമസ്ഥനും ജീവനക്കാരനും കടുത്ത ശിക്ഷ. സുപ്രിംകോടതിയില്‍ വരെ അപ്പീല്‍ പോയെങ്കിലും ശിക്ഷയില്‍ ഇടവ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരനായ മലയാളി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
അബഹയിലെ ഒരു ബഖാലയില്‍ ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശാഫിയാണ് നാടുകടത്തല്‍ ശിക്ഷയ്ക്ക് ഇരയായത്. വീണ്ടും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കുണ്ട്. കോടതി ചുമത്തിയ ആയിരം റിയാല്‍ (അകദേശം 22,000 രൂപ) പിഴയും അടച്ച ശേഷമാണ് സൗദിയില്‍ നിന്നുള്ള മടക്കം.
കടയുടെ ഉടമസ്ഥനായ സൗദി പൗരന് 12,000 റിയാലാണ് (2.65 ലക്ഷത്തോളം രൂപ) പ്രാദേശിക കോടതി പിഴ ചുമത്തിയത്. ശിക്ഷ കുറച്ചുകിട്ടുന്നതിന് കടയുടമയും ശാഫിയും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും നിരാശയായിരുന്നു ഫലം. പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് റിയാദിലെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പക്ഷേ സുപ്രീം കോടതിയും കീഴ്‌ക്കോടതി വിധി ശരിവക്കുകയായിരുന്നു.
കടയില്‍ നിന്ന് കണ്ടെടുത്ത ബിസ്‌കറ്റ് കാലാവധി കഴിഞ്ഞതും മായംചേര്‍ത്തതും ആണെന്ന് വാണിജ്യ മന്ത്രാലയം കണ്ടെത്തിയിരുന്നു. കാലാവധി കഴിഞ്ഞതും ഗുണനിലവാാരമില്ലാത്തതുമാണെന്ന് അറിഞ്ഞുകൊണ്ടാണ് വില്‍പ്പനയ്ക്ക് വെച്ചതെന്നും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി.
കാലാവധി കഴിഞ്ഞ ബിസകറ്റ് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥര്‍ കടയുടമയെ വിളിച്ചുവരുത്തി സ്ഥാപനത്തില്‍ കണ്ടെത്തിയ നിയമലംഘനത്തെ കുറിച്ച് ബോധ്യപ്പെടുത്തിയിരുന്നു. സെയില്‍സ്മാനെന്ന നിലയില്‍ ശാഫിയെക്കൊണ്ട് ഒരു പേപ്പറില്‍ ഒപ്പുവയ്പ്പിച്ച ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കോടതിയില്‍ നിന്ന് നേരിട്ട് ഹാജരാകണമെന്ന സന്ദേശം ലഭിച്ചു. കോടതിയില്‍ ഹാജരായപ്പോള്‍ ശാഫിക്ക് 1,000 റിയാല്‍ പിഴയും നാടുകടത്തലും സ്ഥാപന ഉടമയ്ക്ക് 12,000 റിയാല്‍ പിഴയും വിധിക്കുകയായിരുന്നു. സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും രക്ഷയുണ്ടായില്ല. പിഴ അടച്ച് പ്രവേശന വിലക്കോടെ ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങേണ്ടിവന്നു.
ഗുണനിലവാരമില്ലാത്തതും കാലാവധിയില്ലാത്ത സാധനങ്ങളും വില്‍പ്പന നടത്തുന്നത് സൗദി നിയമപ്രകാരം കടുത്ത ശിക്ഷകള്‍ ലഭിക്കാവുന്ന കുറ്റമാണെങ്കിലും ബഖാല ജീവനക്കാരന് ഇത്രയും കടുത്ത ശിക്ഷ വിധിക്കുന്നത് വിരളമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥാപന ഉടമസ്ഥര്‍ക്ക് പുറമേ സെയില്‍സ്മാന്‍മാര്‍ ആയി ജോലിചെയ്യുന്നവരും ജാഗ്രത പാലിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ക്ക് വിധേയമാക്കപ്പെടുമെന്ന മുന്നറിയിപ്പാണ് സുപ്രിംകോടതി വിധി.