അർജന്റീനയിൽ ഡെങ്കിപ്പനി പടരുന്നു; 60,000 ലധികം രോഗികൾ, നാൽപ്പതിലേറെ മരണം
ബ്വൊയെനോസ് ഐറിസ്: അര്‍ജന്റീനയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. അറുപതിനായിരത്തിലധികം പേരെയാണ് നിലവിൽ രോഗം ബാധിച്ചിരിക്കുന്നത്. നാല്പതിലധികം പേർ മരണപ്പെടുകയും ചെയ്തു. അര്‍ജന്റീനയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് പനി കൂടുതല്‍ വ്യാപകമാകുന്നത്.
ഈഡിസ് ഈജിപ്‌തി കൊതുകുകളാണ് ഡെങ്കിപ്പനി പറരത്തുന്നത്. 2020-ലാണ് അവസാനമായി അര്‍ജന്റീനയില്‍ ഇത്തരമൊരു ഡെങ്കിപ്പനി വ്യാപനം ഉണ്ടായത്. ആഗോളതലത്തില്‍ ഉഷ്ണം വര്‍ധിച്ചതോടെ കൊതുകുകളുടെ എണ്ണവും വര്‍ധിക്കാനാണ് സാധ്യതയെന്നും തെക്കന്‍ വശങ്ങളിലേക്ക് ഇവ വ്യാപിക്കുകയാണെന്നും ബയോളജിസ്റ്റ് ആയ മരിയാനെലാ ഗാര്‍സിയാ ആല്‍ബാ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
രോഗവ്യാപന പശ്ചാത്തലത്തിൽ ഡെങ്കിപ്പനിയോട് പൊരുതാനായി ആണ്‍കൊതുകുകളെ റേഡിയേഷന് വിധേയമാക്കുകയാണ് രാജ്യത്തെ ബയോളജിസ്റ്റുകള്‍. ഡിഎന്‍എ വ്യതിയാനത്തിലൂടെ ഇവയുടെ പ്രത്യുത്പാദനശേഷി നശിപ്പിച്ച ശേഷം ഇവയെ കൂട്ടത്തോടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ് ഇവര്‍. ഡിഎന്‍എയിലുണ്ടായ തകരാറുമൂലം ഇവയുടെ കുഞ്ഞുങ്ങള്‍ക്ക് ജീവനശേഷി നഷ്ടപ്പെടും. ഇത്തരത്തില്‍ ഇവയുടെ വ്യാപനം തടയാനാകും.